Saturday, April 20, 2024
spot_img

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; യുവതിക്കെതിരെ നിരനിരയായി പരാതികൾ!

തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോട്ടയത്ത് അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ നിരനിരയായി പരാതികൾ ഉയരുന്നു. നിരവധി പേരെ യുവതി ഇത്തരത്തില്‍ പറ്റിച്ചതായി സംശയിക്കുന്നു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി 26 -കാരി രേഷ്മ രാജപ്പനെതിരേയാണ് ജോലിതട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്ത് വന്നത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ആലത്തൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി, ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോട്ടയത്തേക്ക് തിരികെ കൊണ്ടുപോയി.

ആലത്തൂരില്‍നിന്ന് മാത്രം ഇതുവരെ മൂന്ന് പരാതി ലഭിച്ചിട്ടുണ്ട്. വെങ്ങന്നൂര്‍ ആലക്കല്‍ ഹൗസില്‍ പ്രകാശന്റെ മകന്‍ പ്രവീഷില്‍ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂര്‍ ബാലന്റെ മകള്‍ മഞ്ജുഷയില്‍ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂര്‍ കുനിശ്ശേരി മുല്ലക്കല്‍ സുശാന്തില്‍ നിന്ന് 2,70,000 രൂപയുമാണ് യുവതി തട്ടിയെടുത്തത്. 2022 മെയ്, ജൂണ്‍ മാസങ്ങളിലാണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്ന് ആലത്തൂര്‍ എസ് ഐ എസ്. അനീഷ് പറഞ്ഞു.

കോട്ടയം കറുകച്ചാല്‍, തൃശൂര്‍ ഗുരുവായൂര്‍, പാലക്കാട് നോര്‍ത്ത്, വടക്കഞ്ചേരി, നെന്മാറ പോലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി പേരാണ് രേഷ്മയുടെ തട്ടിപ്പിനിരയായത്. 25 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. ആലത്തൂരില്‍ തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വെച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്.

Related Articles

Latest Articles