
കാസർഗോഡ് : അഭിഭാഷകനും ‘ന്നാ താൻ പോയി കേസ് കൊട്’ എന്ന സിനിമയിൽ ജഡ്ജിയായി തിളങ്ങിയ സിനിമാ താരവുമായ പി. ഷുക്കൂറും ഭാര്യ മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ്ചാൻസലറുമായ ഷീന ഷുക്കൂറും ‘വീണ്ടും’ വിവാഹം ചെയ്തു. ആദ്യ വിവാഹത്തിന്റെ 28–ാം വാർഷികത്തിലാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യാഭർത്താക്കന്മാർ വീണ്ടും വിവാഹിതരായത്. വിവാഹത്തിന് സാക്ഷികളായി മക്കളും ഒപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം.
1994 ഒക്ടോബറിലായിരുന്നു ഷുക്കൂർ – ഷീന ദമ്പതികളുടെ വിവാഹം. ഇവർക്ക് രണ്ട് പെൺകുട്ടികളാണ്. എന്നാൽ പെൺമക്കൾ മാത്രമാണെങ്കിൽ ‘മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇവരുടെ കാലശേഷം പെൺമക്കൾക്ക് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഇവരുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഇവരുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്തത്.