തുടരെത്തുടരെയുളള നക്‌സൽ ആക്രമണങ്ങൾ; പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ

Naxal Attack In India

0

ദില്ലി: പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി (Amit Shah) അമിത് ഷായുടെ നേതൃത്വത്തിൽ ചേരുന്ന പ്രത്യേക അവലോകന യോഗം സെപ്റ്റംബർ 26ന്. രാജ്യത്തിന് തന്നെ ഭീഷണിയായി ഉയർന്നുവരുന്ന ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും, സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനാണ് ആഭ്യന്തര മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാർക്കൊപ്പം ചീഫ് സെക്രട്ടറിമാരും, ഡിജിപിമാരും യോഗത്തിൽ പങ്കെടുക്കും.

ഛത്തീസ്ഗഡ്‌, ജാർഖണ്ഡ്, ഒഡീഷ തുടങ്ങി പത്ത് സംസ്ഥാനങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേന്ദ്രം നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളിലും ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണങ്ങൾ (Naxal Attack) റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 22 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്.

ഇതിനുപിന്നാലെ ഛത്തീസ്ഗഡ് അതിർത്തി മേഖലയിൽ ഡിആർജിയെയും, എസ്ടിഎഫ് ഫോഴ്‌സിനെയും വിന്യസിച്ചുവെങ്കിലും ഈ മേഖലയിൽ തുടരെത്തുടരെ നക്‌സൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നക്‌സലുകളെ പ്രദേശത്ത് നിന്നും ഇല്ലാതാക്കാൻ സംസ്ഥാന പോലീസ് മുൻകൈയെടുക്കേണ്ടതുണ്ടെന്ന് സിആർപിഎഫ് (CRPF) ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രത്യേക അവലോകന യോഗം വിളിച്ചിരിക്കുന്നത്.