Saturday, April 20, 2024
spot_img

ദി കാശ്മീർ ഫയൽസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഐഎഫ്എഫ്ഐ ജൂറി അധ്യക്ഷൻ നദാവ് ലാപിഡ് മാപ്പ് പറഞ്ഞത്രേ..

ശ്രീനഗർ താഴ്‌വരയിൽ താൻ ജനിച്ചു വളർന്ന വീടും പരിസരവും പട്ടാളത്തിന്റെ കവചിത വാഹനത്തിനുള്ളിൽ ഇരുന്ന് അങ്ങ് ദൂരെയായി ഒരു നോക്ക് കണ്ട ശേഷം ഡൽഹിയിലേക്ക് തിരികെ വരുന്ന കശ്മീരി പണ്ഡിറ്റ് സുഹൃത്തായ സഞ്ജയിനെ കൂട്ടികൊണ്ടുവരാനാണ് 1992 ജനുവരിയിലെ തണുപ്പത്ത് ഡൽഹി വിമാനത്താവളത്തിൽ പോയത്..താമസസ്ഥലത്തെക്കുള്ള യാത്രയിൽ വാഹനത്തിൽ വച്ച് അവൻ പൂർണമായും മൗനിയായിരുന്നു..റൂമിൽ എത്തിയതും ഭാവം മാറി…ഒരാൾ ഇത്രയും തീവ്രമായി അലമുറയിട്ട് കരയുന്നത് പിന്നീടുള്ള ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല… ശരീരം മുഴുവൻ വിറച്ച് പരിസരത്തെ മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്ന നിലവിളി… ജനിച്ച നാട്ടിൽ സ്വന്തമായിരുന്നതെല്ലാം എന്നന്നേക്കുമായി നഷ്ടപ്പെട്ട ഒരുവന്റെ നിലവിട്ട കരച്ചിൽ…ഉള്ളിലെ സങ്കടപ്പുഴ ആർത്തലച്ച് പുറത്തേക്ക്…. ഒഴുക്കൊന്നു ഒതുങ്ങിയപ്പോൾ അവൻ ബോധം കെട്ട് ഉറങ്ങി..ആ വികാരപ്രകടനത്തിന്റെയും ഭാവമാറ്റത്തിന്റെയും മുന്നിൽ പകച്ചു നിൽക്കാനേ അത്തരം ജീവിതാനുഭവങ്ങൾ ഒന്നുമില്ലാത്ത മലയാളിയായ എനിക്ക് സാധിച്ചുള്ളൂ..

കേന്ദ്രസർക്കാർ സർവീസിൽ ജോലി ചെയ്യുമ്പോൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തയിരുന്നു കശ്മീരി പണ്ഡിറ്റ് ആയ സഞ്ജയ്..(അയാൾ ഇപ്പോഴും സർവീസിൽ ഉള്ളത് കൊണ്ട് യഥാർത്ഥ പേര് മാറ്റിയതാണ്)…രണ്ടു വർഷത്തെ ട്രെയിനിംഗ് കാലയളവിൽ ദൃഢമായ ബന്ധം..ബാച്ചിലർ ജീവിതത്തിൽ മിക്കവാറും ഒരുമിച്ച് ആയിരുന്നു താമസം..രണ്ടിടത്ത് പോസ്റ്റിംഗ് ആകും വരെ..നിയമബിരുദം നേടിയ ശേഷമാണ് സഞ്ജയ് കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിൽ ചേരുന്നതും ഞങ്ങൾ കണ്ടുമുട്ടുന്നതും..ഇസ്ലാമിക ഭീകരവാദികൾ താണ്ഡവമാടിയ കശ്മീരിൽ അവൻ കണ്ട, നേരിട്ട് അനുഭവിച്ച കാര്യങ്ങൾ പറയാൻ മുഖപുസ്തകത്തിലെ ഈ ഒരു ചെറിയ ഇടം മതിയാകില്ല.. ശരാശരിയേക്കാൾ ഉയർന്ന ജീവിതസാഹചര്യവും നല്ല വിദ്യാഭ്യാസ യോഗ്യതകളുമുള്ള കുടുംബം..എല്ലാവരും ബഹുമാനിക്കുന്ന ഒരു retired അധ്യാപകനായിരുന്നു സഞ്ജയിന്റെ പിതാവ്…അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരു ബന്ധുവിനെയും 2 കുട്ടികളെയും ഭീകരവാദികൾ പട്ടാപ്പകൽ കൊലപ്പെടുത്തിയപ്പോളാണ്, അടുത്ത ഇര തങ്ങൾ ആകാമെന്ന തിരിച്ചറിവിൽ, അത്യാവശ്യസാധനങ്ങളും വാരിയെടുത്ത് 2 പെണ്മക്കൾ ഉൾപ്പെടെയുള്ള സ്വന്തം കുടുംബത്തെയും കൂട്ടി ആ വയോവൃദ്ധൻ ജനിച്ച നാടും വീടുമുപേക്ഷിച് ഡൽഹിയിലേക്ക് പലായനം ചെയ്തത്..ശ്രീനഗറിലും പഹൽഗാമിലും വീടുകൾ ഉള്ള , സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ശേഷിയുള്ള ആ കുടുംബം അതുവരെ തങ്ങൾക്ക് തീർത്തും അപരിചിതമായ ഡൽഹിയിലെ കൊടുംചൂടിൽ ഒറ്റമുറി വീട്ടിലാണ് ഏതാണ്ട് ഒന്നര വർഷത്തോളം കഴിഞ്ഞത്…ഒറ്റയാഴ്ച കൊണ്ടാണ് അവരുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്… പക്ഷെ, മാറിയ ജീവിതസാഹചര്യങ്ങൾ സമ്മാനിച്ച രോഗദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ അദ്ദേഹത്തിന് സാധിച്ചില്ല..ഏറെ നാൾ കിടപ്പിലായ ശേഷമാണ് സഞ്ജയിന്റെ പിതാവ് മരിച്ചത്, ശ്രീനഗർ താഴ്‌വര ഒരിക്കൽ കൂടി കാണാനാകാതെ …

ഇതുവരെ സഞ്ജയിനോട് ചർച്ച ചെയ്തില്ലെങ്കിലും ദി കശ്മീർ ഫയൽസിലെ അനുപം ഖേറിന്റെ കഥാപാത്രത്തിൽ ആ പ്രൊഫെസ്സറെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല..അങ്ങനെ എത്രയോ പേരുടെ ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ ഒന്നുചേർന്നതാണ് ആ സിനിമ…

സ്വതന്ത്ര ഇന്ത്യയിൽ ഹിന്ദുക്കൾ ആയത് കൊണ്ട് മാത്രം മുസ്ലിം ഭൂരിപക്ഷ മേഖലയിൽ നിന്ന് പാലായനം ചെയ്യണ്ടി വന്ന പണ്ഡിറ്റുകളുടെ കഥ പറയുമ്പോൾ അതിൽ വികാരതീവ്രത കൂട്ടാൻ ഒന്നും കൃത്രിമമായി ചേർക്കണ്ട ആവശ്യമില്ലായിരുന്നന്ന് വിവേക് അഗ്നിഹോത്രി തിരുവനന്തപുരത്ത് വച്ച് കണ്ടപ്പോൾ പറഞ്ഞത് വെറുതെയല്ല…
യഥാർത്ഥ സംഭവങ്ങളെ കുറിച്ച് തന്റെ ഗവേഷണസംഘം ശേഖരിച്ച വിവരങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമാണ് സിനിമയിൽ ഉപയോച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ഓർത്തത് സഞ്ജയിന്റെ കുടുംബം കടന്നുവന്ന ദുരന്തം പെയ്തിറങ്ങിയ ആ വഴികളെകുറിച്ചാണ് .

ഓർമ വച്ച നാൾ മുതൽ കാണുന്നവരെയും കൂടെ കളിച്ചും പഠിച്ചും വളർന്നവരെപ്പോലും വെട്ടിനുറുക്കാൻ മടിയില്ലാത്ത മതവെറി പൂണ്ട കാട്ടാളന്മാരുടെ മുന്നിലേക്ക്, ശാന്തജീവിതം നയിച്ച നിസ്സഹായരായ ഒരു പറ്റം മനുഷ്യരെ എറിഞ്ഞു കൊടുത്ത ഡൽഹിയിലെ ഭരണ
കൂടത്തിന്റെ പിതൃശൂന്യതയുടെ ഓർമപ്പെടുത്തൽ കൂടിയാണ് കശ്മീർ ഫയൽസ്..

ചോരമണമുള്ള ആ ഓർമകൾക്ക് മേലാണ് കുലംകുത്തിയായ ഒരു ഇസ്രായേലി കഴിഞ്ഞ ദിവസം കാർക്കിച്ചു തുപ്പിയത്..ഗുജറാത്ത് വർഗീയ കലാപത്തെ വംശഹത്യ എന്ന നറേറ്റിവ് ആക്കിമാറ്റിയ അതേ ഡൽഹി മാഫിയ സംഘമാണ് കശ്മീർ വംശഹത്യയെ വെറും പാലായനം ആക്കി മാറ്റിയതും…അന്ധമായ രാഷ്ട്രീയവിരോധം മൂത്തുണ്ടായ രാജ്യവിരുദ്ധത തന്നെ കോടിയടയാളമാക്കിയ ഈ മാഫിയയുടെ പിണിയാളായ അയാൾക്ക് എന്ത് മാപ്പാണ്??

രണ്ടാംലോക യുദ്ധ കാലത്തെ ഹോളോകാസ്റ്റിനു അനുകൂലമായി സംസാരിക്കുന്നവരെയും ജൂതവംശീയഹത്യ നടന്നിട്ടില്ല എന്ന് സമർത്ഥിക്കുന്നവരെയും ശിക്ഷിക്കാൻ ചരിത്ര ബോധമുള്ള പല പാശ്ചാത്യരാജ്യങ്ങളിലും ഇന്ന് നിയമമുണ്ടെന്ന് കേട്ടിട്ടുണ്ട്..ഇരകളുടെ ഓർമകളെ അപമാനിക്കുന്നത് തടയാനാണത്രെ ഈ നിയമം…

എന്നാൽ ഇവിടെയോ..Freedom എന്നാൽ free for all, സ്വാതന്ത്ര്യം എന്നാൽ എന്ത് തരവഴിത്തരത്തിനുമുള്ള ലൈസൻസ് ആണെന്ന് എന്നു ധരിച്ചിരിക്കുന്നവരാണല്ലോ നമ്മൾ.. കൃത്യമായ അജണ്ട യുടെ അടിസ്ഥാനത്തിൽ ഗതകാലചരിത്രത്തെ മാത്രമല്ല, സമീപകാല സംഭവങ്ങളെപ്പോലും തമസ്കരിക്കുകയും വക്രീകരിക്കുകയും പോരാത്തതിന് വേട്ടക്കാരെ വെള്ളപൂശാൻ ഇരകളെ അപമാനിക്കുകയും ചെയ്യുന്ന ഈ നാട്ടിലും അത്തരം ചില നിയന്ത്രണങ്ങൾ വേണം എന്നു തോന്നുന്നു നദവിന്റെ ജല്പനങ്ങൾ കേട്ടപ്പോൾ…

ഒരു കാര്യം സത്യമാണ്..2014 നു മുൻപ് ഒരാൾക്കും കശ്‌മീർ ഫയൽസ് പോലൊരു സിനിമ എടുക്കാൻ ഇവിടെ സാധ്യമാകുമായിരുന്നില്ല..2014 ലുണ്ടായ ആ രാഷ്ട്രീയ മാറ്റമില്ലായിരുന്നെങ്കിൽ നദാവ് ലാപിഡിനെ പോലൊരുത്തൻ ഇവിടെ ഒരു കാരണവശാലും മാപ്പ് പറയുകയുമില്ലായിരുന്നു…

(സഞ്ജയും സഹോദരങ്ങളും അവരവരുടെ കുടുംബങ്ങൾക്കൊപ്പം ഇന്ത്യയിലും വിദേശങ്ങളിലുമായി ജീവിതം കരുപിടിപ്പിച്ചു കഴിഞ്ഞു…അമ്മ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞു…അവരും പിന്നീടൊരിക്കലും കശ്മീർ താഴ്‌വര കണ്ടില്ല..ഉറ്റവർ മരിച്ചു വീണ, അസുരന്മാർ വാഴുന്ന ശ്മശാനഭൂമിയാണ്..എനിക്ക് പോകണ്ട എന്ന് ഒരിക്കൽ പറഞ്ഞത്രേ.. മരണം വരെ മിക്കവാറും മൗനത്തിലും ആയിരുന്നു… ഇടക്ക് വിഷാദ രോഗത്തിന് ചികിത്സയിലുമായിരുന്നു ആ അമ്മ…)

Related Articles

Latest Articles