Thursday, April 25, 2024
spot_img

മഹാരാഷ്ട്രയിലെ വ്യവസായിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; 58 കോടി രൂപയും 32 കിലോ സ്വർണവും പിടിച്ചെടുത്തു

മുംബൈ: മഹാരാഷ്‌ട്രയിലെ വ്യവസായിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 58 കോടി രൂപയും 32 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ മാസം ഒന്നാം തിയതി മുതൽ എട്ടാം തിയതി വരെ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. സ്റ്റീൽ, തുണി, റിയൽ എസ്റ്റേറ്റ് മേഖലകളിലുള്ളവരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു വരുന്നുണ്ടായിരുന്നു.

എന്നാൽ ഈ വ്യവസായിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല. ജൽന, ഔറംഗബാദ് നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇയാളെന്നാണ് വിവരം. ഇയാളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 58 കോടി രൂപയും 32 കിലോ സ്വർണവും ഉൾപ്പെടെ 390 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്താൻ തന്നെ 13 മണിക്കൂറിലധികം സമയം വേണ്ടി വന്നുവെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 260ഓളം ഉദ്യോഗസ്ഥരാണ് വിവിധ ഇടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇവരുടെ പരിശോധന.

Related Articles

Latest Articles