Wednesday, April 24, 2024
spot_img

സ്വാതന്ത്ര്യ ദിനാഘോഷം; അവസാനഘട്ട ഒരുക്കങ്ങളില്‍ എറണാകുളം ജില്ല, വിപുലമായ ആഘോഷപരിപാടികൾ ആവിഷ്‌കരിക്കും

സ്വാതന്ത്ര്യദിനാഘോഷത്തിനായി അവസാനഘട്ട ഒരുക്കങ്ങളിലാണ് എറണാകുളം ജില്ലാ ഭരണകൂടം. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പരിമിതമായാണ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമെന്ന നിലയിലും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന അവസരമെന്ന നിലയിലും ഇക്കുറി വിപുലമായ ആഘോഷപരിപാടികളാണ് ജില്ലാഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു.

ആഘോഷവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകള്‍ക്കും നല്‍കിയിരിക്കുന്ന ചുമതലകളുടെ പുരോഗതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യദിന പരേഡിന്റെ അവസാനഘട്ട പരിശീലനം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. പരേഡിന് പുറമെ ദേശഭക്തി ഗാനാലാപനവും ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 15 ന് രാവിലെ 8.40 ന് പരിപാടികള്‍ ആരംഭിക്കും. 9 ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവ് പതാക ഉയര്‍ത്തും. 21 പ്ലറ്റൂണുകളും രണ്ട് ബാന്റുകളിലുമായി 800 പേരാണ് പരേഡില്‍ അണിനിരക്കുക.
അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടി നടക്കുക. ചടങ്ങില്‍ മാസ്‌ക് നിര്‍ബന്ധമായിരിക്കും.

കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍, ഹുസൂര്‍ ശിരസ്തദാര്‍ ജോര്‍ജ് ജോസഫ് , പോലീസ് , അഗ്‌നിരക്ഷാ സേന, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്നേ ദിവസം ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കും.

Related Articles

Latest Articles