India benefited from the Russian embargo by Western powers; The country's Russian crude oil imports hit an all-time record;
പ്രതീകാത്മക ചിത്രം

ദില്ലി : പാശ്ചാത്യശക്തികളുടെ റഷ്യൻ ഉപരോധത്തിൽ കോളടിച്ചത് ഇന്ത്യയ്ക്ക്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡോയിലിൽ നിന്ന് വിട്ടു നിന്നപ്പോൾ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി സർവ്വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടിയ അളവാണിത്.

ഇന്ത്യ ഇന്ന് ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. റഷ്യ- യുക്രൈയ്ന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. ഇപ്പോള്‍ ഇത് 35 ശതമാനമായി കുതിച്ചുയർന്നിരിക്കുകയാണ് . യുക്രൈയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇത് മറികടക്കാനാണ് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യ നിർബന്ധിതരായത് .

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ സൗദിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇറാഖില്‍ നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില്‍ നിന്ന് 6,47,813 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. യു.എ.ഇയില്‍ നിന്ന് പ്രതിദിനം 4,04,570 ബാരലും ഇറക്കുമതി ചെയ്യുന്നുണ്ട്.