Thursday, April 25, 2024
spot_img

ഒരുമയുടെ പട്ടുനൂലിൽ ഒരു രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭദ്രമാക്കിയ മഹത്തായ സംസ്ക്കാരം; സ്നേഹത്തിന്റെ ശ്രാവണ പൗർണ്ണമിയിൽ നാടെങ്ങും രക്ഷാബന്ധൻ മഹോത്സവം

ഐതിഹ്യം അനുസരിച്ച്, ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ അതിശക്തമായ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ശചി ഇന്ദ്രന്റെ കയ്യിൽ രക്ഷാസൂത്രം അഥവാ രാഖി എന്ന ഒരു പട്ടുനൂൽ പൂജിച്ച് പ്രാർത്ഥനയോടെ കെട്ടികൊടുത്തു. ഇന്ദ്രൻ പരാജിതനായാൽ താനുൾപ്പെടെയുള്ള ദേവ സ്ത്രീകളെ അസുരന്മാർ കീഴടക്കും എന്നും അതിനാൽ തങ്ങളുടെ രക്ഷ പതിയായ അങ്ങയിൽ ആണെന്നും ഇന്ദ്രനെ ഓർമ്മിപ്പിക്കുന്ന പ്രതീകം ആയിരുന്നു ആ പട്ടുനൂൽ. ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, വർദ്ധിച്ച ശക്തി വീണ്ടെടുത്ത ഇന്ദ്രഭഗവാൻ ശക്തിയായി തിരിച്ചടിച്ച് അസുരന്മാരെ പരാജയപ്പെടുത്തി എന്നാണ് വിശ്വാസം. ഇന്ദ്രൻ വിജയിയായി തിരിച്ചു വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധനം’ എന്ന ഉത്സവത്തിന് ആരംഭമായി. പിന്നീട് ഗൃഹ ഗൃഹാന്തരങ്ങൾ തോറും സഹോദരിമാർ തങ്ങളുടെ സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു.

ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് തങ്ങളുടെ സഹോദരിമാരെയും അമ്മമാരെയും മാത്രമല്ല അന്യ സ്ത്രീകളെയും സംരക്ഷിക്കേണ്ടതുണ്ടെന്ന കടമ ഓർമ്മപ്പെടുത്തുന്നു. അങ്ങിനെ വർദ്ധിച്ച വിശ്വാസവും ഊർജ്ജവുമായി അടരാടി ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായിക്കുന്നു. മറ്റൊരു ചരിത്രം പറയുന്നു, സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ പ്രേയസി, പുരുവിനെ സമീപിക്കുകയും പുരുവിന്റെ കൈകളിൽ രാഖി ബന്ധിച്ച് സഹോദരനാക്കുകയും ചെയ്തു. തുടർന്ന് യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി. പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.

രക്ഷാബന്ധനദിവസം മധുരപലഹാരങ്ങളും, രക്ഷാ സൂത്രവും, ദീപവും വച്ച താലവുമായി സഹോദരി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർഥിച്ച് കൈയിൽ വർണനൂലുകളാൽനിർമിച്ച സുന്ദരമായ രാഖി കെട്ടികൊടുക്കുന്നതാണ് രക്ഷാ ബസൻ ചടങ്ങ്. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും സഹോദരിക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

Related Articles

Latest Articles