Friday, March 29, 2024
spot_img

മിഗ് 21 യുദ്ധ വിമാനം തകർന്ന സംഭവം; മരണപ്പെട്ട പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന; അപകട കാരണത്തിൽ അവ്യക്തത

ജയ്പൂർ: രാജസ്ഥാനിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം രാത്രി 9.10 നായിരുന്നു തകര്‍ന്ന് വീണത്.

വിങ് കമാൻഡർ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകർന്ന് മരണപ്പെട്ട വ്യോമസേന അംഗങ്ങള്‍ എന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
മിഗ് -21 ട്രെയിനർ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതർലായ് എയർ ബേസിൽ നിന്ന് പരിശീലനത്തിനായി പറന്നതായി ഐ‌എ‌എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വൈമാനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു. റഷ്യൻ നിർമ്മിത യുദ്ധവിമാനമായ മിഗ് 21 ഇതിനു മുന്നേയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് മിഗ് വിമാനങ്ങളുടെ ഒരു സുരക്ഷാ ഓഡിറ്റ് വ്യോമസേനാ ഈയിടെ നടത്തിയിരുന്നു. അപകട കാരണത്തെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles