Thursday, April 25, 2024
spot_img

നയത്തെ തിരുത്തി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ: ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്തു

യു.എന്‍: പാലസ്തീന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന നയത്തെ തിരുത്തി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ടുചെയ്തു. പലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് യുഎന്‍ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലില്‍ (ഇസിഒഎസ്ഒസി) നിരീക്ഷക പദവി നിഷേധിക്കാനായിരുന്നു വോട്ട്.

യുഎന്നില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് നരേന്ദ്രമോദി സര്‍ക്കാരിന് ഇസ്രയേല്‍ നന്ദി അറിയിച്ചു. ഏഷ്യ ഗ്രൂപ്പില്‍നിന്ന് തങ്ങളെ പിന്തുണച്ച ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ഇത് നല്ല സൂചനയാണെന്നും ഇന്ത്യയിലെ ഇസ്രയേലി എംബസി ഡെപ്യൂട്ടി ചീഫ് മായ കദോഷ് ട്വീറ്റ്ചെയ്തു.

കൗണ്‍സിലിലെ 48 അംഗരാജ്യങ്ങളില്‍ 28 എണ്ണം നിരീക്ഷകപദവിയെ എതിര്‍ത്ത് ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ബ്രിട്ടന്‍, ദക്ഷിണകൊറിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിന്നു. എന്നാല്‍, ചൈന, റഷ്യ, വെനസ്വേല, സൗദി അറേബ്യ, പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീന്‍ സംഘടനയ്ക്ക് അനുകൂലമായും വോട്ടുചെയ്തു.

1992ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് ഇസ്രയേലുമായി ഇന്ത്യ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. എങ്കിലും ദ്വിരാഷ്ട്ര നിലപാടില്‍ ഉറച്ചുനിന്നു. മോദി അധികാരത്തിലെത്തിയശേഷം ചങ്ങാത്തം ശക്തമാക്കി. 2017ല്‍ ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി. രാജ്‌നാഥ്‌സിങ്ങും സുഷമ സ്വരാജും ഉള്‍പ്പെടെ നിരവധി മന്ത്രിമാരും ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്താനും മോദി മറന്നില്ല.

Related Articles

Latest Articles