Thursday, April 25, 2024
spot_img

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്ഥാൻ സന്ദർശിക്കില്ലെന്ന നിലപാടിലുറച്ച് ഇന്ത്യ; പുതിയ ആരോപണങ്ങളുമായി മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി

ഇസ്‍ലാമബാദ് : ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്ഥാൻ സന്ദർശിക്കില്ല എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നതിനിടയിൽ പുതിയ ആരോപണവുമായി പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി രംഗത്ത് വന്നു. മുൻപ് ഇന്ത്യൻ പര്യടനത്തിനിടെ പാക്കിസ്ഥാൻ ടീമിനു നേരെ ഭീഷണിയുണ്ടായെന്നാണ് അഫ്രീദിയുടെ ആരോപണം.

‘‘ഇന്ത്യയാണ് ഏഷ്യാ കപ്പ് കളിക്കില്ലെന്നു പറയുന്നത്. ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയച്ചാൽ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് മുംബൈയിലെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അതൊരു ഉത്തരവാദിത്തമായി എടുത്ത് പാകിസ്ഥാൻ ടീമിനെ ഇന്ത്യയിലെത്തിക്കുകയാണ് പാക് സർക്കാർ അന്നു ചെയ്തത്. അന്നത്തെ ആ സംഭവത്തിൽ ഭീഷണികൾ നമ്മുടെ ബന്ധത്തെ ബാധിച്ചില്ല. ഭീഷണികള്‍ അവിടെ ബാക്കിയായി. ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കു വന്നാൽ അതു വളരെ നല്ലൊരു കാര്യമായിരിക്കും. ഇതു യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടേയും തലമുറയല്ല. നല്ല ബന്ധങ്ങളാണു നമുക്ക് ആവശ്യം. ഞങ്ങൾ ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.’’ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കവെ അഫ്രീദി പറഞ്ഞു.

ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലെത്തിയില്ലെങ്കിൽ ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ തങ്ങൾ കളിക്കില്ലെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. അതെസമയം ഏഷ്യാ കപ്പ് വേദിയിൽ അന്തിമ തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ടൂർണമെന്റിലെ ഗ്ലാമർ ടീമായ ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതിനാൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പാക്കിസ്ഥാനിൽനിന്നു മാറ്റുന്ന കാര്യവും നിലവിൽ പരിഗണനയിലുണ്ട്.

Related Articles

Latest Articles