Thursday, March 28, 2024
spot_img

രാമസേതു എങ്ങനെ രൂപപ്പെട്ടു? വിശദമായ പഠനത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

ചെന്നൈ: ഇന്ത്യ, ശ്രീലങ്ക കടലിടുക്കിലെ 48 കിലോമീറ്റർ രാമസേതു എങ്ങനെ രൂപപ്പെട്ടു എന്നതില്‍ സമുദ്രാന്തര പഠനം നടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നൽകി. രാമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു, അല്ലെങ്കിൽ രൂപപ്പെട്ടു എന്നത് നിർണയിക്കാനാണ് പുതിയ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാമന്റെ പാലം അല്ലെങ്കിൽ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്കൻ തീരത്ത് പാമ്പൻ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതിയാണ് ഗവേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം രാമസേതുവിന് സമീപം കടലിൽ മുങ്ങിപ്പോയ വാസസ്ഥലങ്ങൾ ഉണ്ടോ എന്നും പഠനവിധേയമാക്കും. 

പുരാവസ്തുക്കൾ, റേഡിയോമെട്രിക്, തെർമോലുമിനെസെൻസ് (ടിഎൽ), ജിയോളജിക്കൽ ടൈം സ്കെയിൽ, മറ്റ് പരിസ്ഥിതി വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് നിർദ്ദിഷ്ട പഠനമെന്ന് എൻ‌ഐ‌ഒ ഡയറക്ടർ സുനിൽ കുമാർ സിങ് പറഞ്ഞു. ജലനിരപ്പിൽ നിന്ന് 35 മുതൽ 40 മീറ്റർ വരെ താഴെയുള്ള അവശിഷ്ടത്തിന്റെ സാംപിളുകൾ ശേഖരിക്കുന്നതിന് എൻ‌ഐ‌ഒയുടെ സിന്ധു സാധന, സിന്ധു സങ്കൽ‌പ് തുടങ്ങി ഗവേഷണ കപ്പലുകൾ പദ്ധതിക്ക് വേണ്ടി വിന്യസിക്കും.  ഡേറ്റാ ശേഖരണം, എക്കോ സൗണ്ടറുകൾ, അക്കൗസ്റ്റിക് ഡോപ്ലർ, പ്രൊഫൈലർ, ഓട്ടോണമസ് വെതർ സ്റ്റേഷൻ, വായു ഗുണനിലവാര മോണിറ്ററുകൾ എന്നിവയ്ക്കായി നിരവധി ലബോറട്ടറികൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമിച്ച ഗവേഷണ കപ്പലാണ് സിന്ധു സാധന. കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ പൗരാണിക ഐതിഹ്യങ്ങള്‍ പ്രകാരം രാമായണത്തിൽ ഈ പാലത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കുമിടയില്‍ ഇത് വലിയ ചർച്ചാവിഷയമാണ്. തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ വർഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles