Saturday, April 20, 2024
spot_img

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ പതാക കെട്ടിയ ആളെ തിരിച്ചറിഞ്ഞു: ഖാലിസ്ഥാൻ ഭീകരന്മാർക്ക്, കോടികളുടെ സഹായം; സകല വിവരങ്ങളും പുറത്ത്

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസിന്റെ റിപ്പോർട്ട്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ് സിങാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി പതാക ഉയര്‍ത്തിയതെന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മാത്രമല്ല ചെങ്കോട്ടയിലെ അതിക്രമത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞ ദീപ് സിദ്ദുവിനായും പൊലീസ് തിരച്ചില്‍ തുടങ്ങി. ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ ഇരച്ചുകയറുന്നതിന്റെ ലൈവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചെങ്കോട്ടയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ആളുകള്‍ക്കായും പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.

എന്നാൽ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജനുവരി 26 ന് ഇന്ത്യാഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നയാള്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ പാരിതോഷികം ഖാലിസ്ഥാന്‍ വിഭാഗങ്ങളുമായി ബന്ധമുള്ള സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ആയതിനാൽ ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി സിഖ് കൊടി കെട്ടിയ സംഭവത്തില്‍ ഖാലിസ്ഥാന്‍ സംഘടനയുടെ പങ്കാളിത്തമുണ്ടോയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഇതുമായി പതാക കെട്ടിയ സംഭവത്തില്‍ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഖാലിസ്ഥാന്‍ സംഘടനകള്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസ്സിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല എന്ന പോസ്റ്ററും ഉയര്‍ത്തിയായിരുന്നു ഇവരുടെ പ്രതിഷേധം.

23 കേസുകളാണ് ദില്ലി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഇനിയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഘര്‍ഷത്തിനിടെ മരിച്ച ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ നവ്ദീപ് സിങ്ങിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ റാലിയില്‍ പങ്കെടുത്ത 215 പേര്‍ക്കും 300 പൊലീസുകാര്‍ക്കും പരിക്കേറ്റതായി ദില്ലി പൊലീസ് വ്യക്തമാക്കി. ചെങ്കോട്ടയിലെ സംഘര്‍ഷത്തിനിടെ ഒരു സമരക്കാരന്‍ ത്രിവര്‍ണപതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles