Saturday, April 20, 2024
spot_img

കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിക്കല്‍; ഹൈക്കോടതി സ്റ്റേ ചെയ്തു

മുംബൈ: കങ്കണ റണാവത്തിന്‍റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. കങ്കണ നൽകിയ ഹർജി കോടതി നാളെ വിശദമായി പരിഗണിക്കും.

അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 30 വരെ പൊളിക്കല്‍ നടപടിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കങ്കണ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്‍റെ പരാതിയിലാണ് കോടതി കോര്‍പ്പറേഷന്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

എന്നാൽ, ഓഫീസ് കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇതിനോടകം തന്നെ പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോര്‍പ്പറേഷന്‍റെ നടപടി. നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നുവെന്നും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോർപറേഷന്‍റെ വാദം.

അതിനിടെ, കങ്കണ ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തി. കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള മുദ്രാവാക്യങ്ങളുമായി നിരവധി പ്രതിഷേധക്കാരാണ് വിമാനത്താവളത്തിന് പുറത്തുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles