Wednesday, April 24, 2024
spot_img

ചർമ്മത്തിൽ സ്പർശിക്കാത്ത പീഡനം: മുംബൈ ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതി

ദില്ലി: വസ്ത്രത്തിനു മുകളിൽ കൂടി പെൺകുട്ടിയുടെ മാറിടത്തിൽ കടന്നു പിടിച്ച സംഭവത്തിൽ മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വിധി തെറ്റായ കീഴ്‍വഴക്കമുണ്ടാക്കുമെന്ന് അറ്റോര്‍ണി ജനറൽ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ‌ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തത്. മുംബൈ ഹൈക്കോടതിയുടെ നടപടി അസ്വസ്ഥതയുളവാക്കുന്നതാണെന്നും ഇതിനു പ്രത്യാഘാതങ്ങളുണ്ടാകുമെന്നും എജി സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തിൽ കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസയച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക ഹര്‍ജി നല്‍കാനും അറ്റോര്‍ണി ജനറലിന് സുപ്രീം കോടതി അനുമതി നല്‍കി.

ഉടുപ്പിന് മുകളിലൂടെ ചർമ്മത്തെ സ്പർശിക്കാത്ത തരത്തിലുള്ള പീഡനം പോക്സോ വകുപ്പ് പ്രകാരം ലൈംഗിക അതിക്രമമമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതി ഉത്തരവ്. പന്ത്രണ്ടു വയസുകാരിയുടെ മാറിടത്തിൽ അമർത്തിയ കേസിലെ പ്രതിയെ പോക്സോ കേസിൽ നിന്നും മുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം. 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തിയത് അവളുടെ വസ്ത്രം നീക്കം ചെയ്തോ അല്ലങ്കിൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിട്ടാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിൽ ഇത് ലൈംഗിക അതിക്രമത്തിന്റെ നിർവചനത്തിൽ വരില്ല . എന്നാൽ ഐപിസി സെക്ഷൻ 354 അനുസരിച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് കീഴിൽ ഉൾപ്പെടുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

2016ൽ നടന്ന സംഭവത്തിലായിരുന്നു വിവാദമായ ഉത്തരവ്. 39കാരനായ പ്രതി പേരയ്ക്കാ തരാമെന്ന് പറഞ്ഞ് 12കാരിയായ കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടു പോകുകയും ലൈംഗികമായി ദുരുപയോഗിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ കുട്ടിയുടെ നിലവിളി കേട്ട് അമ്മ അടക്കമുള്ളവര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

Related Articles

Latest Articles