Thursday, April 25, 2024
spot_img

കേന്ദ്രമന്ത്രി വി മുരളീധരന് ക്ലീൻ ചിറ്റ്; പ്രോട്ടോക്കോൾ ലംഘന പരാതി തള്ളി കേന്ദ്രസർക്കാർ

ദില്ലി: കേന്ദ്രമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി കേന്ദ്രസർക്കാർ. സലിം മടവൂർ നൽകിയ പരാതി വിവിധ ഓഫീസുകൾക്ക് നൽകിയതായും അന്വേഷണത്തിൽ പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനായില്ലെന്നുമാണ്‌ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വി മുരളീധരന്‍റെ അറിവോടെ പ്രോട്ടോക്കോൾ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന പരാതിയാണ് തള്ളിയത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവുരാണ് പരാതി നൽകിയത്.

ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഈ പരാതി പിഎംഒയിൽ കിട്ടിയത്. വിവിധ മന്ത്രാലയങ്ങൾക്ക് ഈ പരാതി നൽകി വിവരങ്ങൾ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയിൽ പറയുന്നു.

അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി വിവരങ്ങൾ തേടിയിരുന്നു. അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ ഇതിന് മറുപടിയും നൽകി.

എന്നാൽ പരാതിയിൽ കഴമ്പില്ല, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല, എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോ‍ർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Articles

Latest Articles