Friday, March 29, 2024
spot_img

തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം; ഇന്ന് വിജയദശമി; കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ദിനം

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി.

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും വ്യത്യാസമുണ്ട്. വിജയദശമി നാളിൽ ദുർഗ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുക്കാറുണ്ട്. പടക്കങ്ങൾ നിറച്ച രാവണന്റെയും കുംഭകർണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്റയുടെ ഒരു പ്രധാന ചടങ്ങാണ്. അതോടൊപ്പം ദീപാവലി ഒരുക്കങ്ങൾക്കും ഈ ദിവസത്തോടെ തുടക്കമാകും. ദസറ കഴിഞ്ഞുളള 20-ാം ദിവസമാണ് ദീപാവലി ആഘോഷം.

ദശമി, ദസറ അനുഷ്ഠാനങ്ങളിലും ആഘോഷ രീതികളിലും വ്യത്യാസമുണ്ടെങ്കിലും ഇവ നൽകുന്ന സന്ദേശം ഒന്നു തന്നെയാണ്, തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം. ദസറയുടെ മുഖ്യ സവിശേഷത രാമായണ കഥയെ ആധാരമാക്കിയുള്ള രാമലീലയാണ്. പാട്ടുകളിലൂടെയും ചെറു നാടകങ്ങളിലൂടെയും ശ്രീരാമന്റെ ജീവിതവും രാവണനുമേൽ നേടിയ വിജയവും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
വാരണാസിയിൽ രാമകഥ പറയുന്ന നാടകം ഒരു മാസം നീണ്ടുനിൽക്കും. അവസാനദിവസം രാമന്റെ വേഷമണിയുന്ന കഥാപാത്രം അമ്പെയ്ത് രാവണന്റെ കോലം കത്തിക്കും.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മിക്കവരും വീടുകളിൽ തന്നെ വിദ്യാരംഭം നടത്താനുള്ള ഒരുക്കത്തിലാണ്. തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് വിജയദശമി ആശംസകൾ കൈമാറാം. കൂടാതെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകൾക്കും, ആയുധപൂജ ആഘോഷിക്കുന്നവർക്കും ആശംസകൾ.

Related Articles

Latest Articles