Friday, March 29, 2024
spot_img

കോവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്ക: ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

ദില്ലി: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്. ഇതില്‍ ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം 11 ആഴ്ചയോളം രാജ്യത്തെ കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്ക് ശേഷമാണ് രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ദില്ലിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം 1083 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവിൽ പല സംസ്ഥാനങ്ങളിലും കേസുകള്‍ കുത്തനെ കൂടുന്നുണ്ട്. ഈ സാഹചര്യത്തിൽ മാസ്‌ക് വെയ്ക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പല സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാൽ മറ്റൊരു കോവിഡ് തരംഗം സംബന്ധിച്ച് ആരോഗ്യ വിദഗ്ദ്ധര്‍ ഇതുവരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള്‍ നൂറിലെത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനാല്‍ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം ചേരും.

മാത്രമല്ല ഈദും അക്ഷയതൃതീയയുമുള്‍പ്പെടെ ഉത്സവങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തിൽ ആഘോഷവേളകളില്‍ കോവിഡ് മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കൂടാതെ കോവിഡിനെക്കുറിച്ച് ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles