Wednesday, April 24, 2024
spot_img

പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചതിലൂടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അജ്മീർ : പാർലമെന്‍റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ രാജ്യത്തിന്‍റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും കോൺഗ്രസ് അപമാനിച്ചുവെന്ന് നരേന്ദ്ര മോദി തുറന്നടിച്ചു. മോദി സർക്കാർ ഒൻപതു വർഷം തികയുന്നതിന്‍റെ ഭാഗമായി രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മൂന്ന് ദിവസം മുമ്പാണ് ഇന്ത്യയ്ക്കു പുതിയ പാർലമെന്‍റ് മന്ദിരം ലഭിച്ചത്. നിങ്ങൾ അതിൽ അഭിമാനിക്കുന്നുണ്ടോ? ഇന്ത്യയുടെ യശസ്സ് വർധിച്ചതിൽ നിങ്ങൾക്കു സന്തോഷം തോന്നിയോ? കോൺഗ്രസും അതുപോലുള്ള ചില പാർട്ടികളും ഇതിലും രാഷ്ട്രീയം കളിച്ചു. തലമുറകളിലൊരിക്കലാണ് ഇത്തരം അവസരങ്ങൾ വരുന്നത്. എന്നാൽ കോൺഗ്രസ് ഇത് തങ്ങളുടെ സ്വാർഥ പ്രതിഷേധത്തിനാണ് ഉപയോഗിച്ചത്. 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും രാജ്യത്തിന്‍റെ വികാരത്തെയും അവർ അപമാനിച്ചു, രാജ്യം കൈവരിച്ച പുരോഗതി കോൺഗ്രസിന് ദഹിക്കുന്നില്ല. ‘പാവപ്പെട്ടവരുടെ മകൻ’ കോൺഗ്രസ് ആഗ്രഹിക്കുന്നത് ചെയ്യാൻ അനുവദിക്കാത്തതിനാൽ അവർക്ക് ദേഷ്യമാണ്. അവരുടെ അഴിമതിയെയും കുടുംബരാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നതിനാലാണ് അവർ ദേഷ്യപ്പെടുന്നത്. ഭരണകാലത്ത് പാവപ്പെട്ടവരെ തെറ്റിധരിപ്പിക്കുകയും അവരെ ദാരിദ്രത്തിലേക്ക് തള്ളിവിടുകയും ചെയ്ത നയമാണ് കോൺഗ്രസ് പിന്തുടർന്നത്. ദാരിദ്ര്യം തുടച്ചുനീക്കുമെന്നു കോൺഗ്രസ് 50 വർഷം മുമ്പ് ഉറപ്പ് നൽകിയിരുന്നു. പക്ഷേ, ആ വാഗ്ദാനം പാവങ്ങളോടുള്ള അവരുടെ ഏറ്റവും വലിയ വഞ്ചനയായി മാറി.

പാവപ്പെട്ടവരെ തെറ്റിധരിപ്പിച്ച് അവരെ വഞ്ചിക്കുകയെന്നത് കോൺഗ്രസിന്‍റെ നയമാണ്. ഇതുമൂലം രാജസ്ഥാനിലെ ജനങ്ങളും ഏറെ ദുരിതമനുഭവിച്ചു. ഒൻപത് വർഷത്തെ ബിജെപി സർക്കാരിന്‍റെ പ്രവർത്തനം ജനസേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു.

2014ന് മുമ്പ് അഴിമതിക്കെതിരെ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഭീകരാക്രമണങ്ങൾ വലിയ നഗരങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ കോൺഗ്രസ് റിമോട്ട് കൺട്രോൾ ഭരണത്തിലായിരുന്നു. ഭരണകാലത്ത് കോൺഗ്രസ് രാജ്യത്തിന്‍റെ രക്തം കുടിക്കുകയും വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന അഴിമതിയിൽ മുങ്ങിയിരുന്നു. ഇപ്പോൾ, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ചു സംസാരിക്കുന്നു. വിദഗ്ധർ പറയുന്നത് ഇന്ത്യയിൽ അധികം താമസിക്കാതെ കടുത്ത ദാരിദ്ര്യം അവസാനിക്കുമെന്നാണ്.

രാജ്യം നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഇന്ത്യയിലെ ജനങ്ങളുടെ വിയർപ്പുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഓരോ ഇന്ത്യക്കാരനും കാണിക്കുന്ന ദൃഢനിശ്ചയം സമാനതകളില്ലാത്തതാണ്. എന്നാൽ ചിലർക്ക് ഇത് ദഹിക്കുന്നില്ല.’’ -മോദി പറഞ്ഞു

Related Articles

Latest Articles