Friday, April 19, 2024
spot_img

ഗാബയിൽ ചരിത്രം കുറിച്ച്,ടീം ഇന്ത്യ;പരമ്പരയും സ്വന്തം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് യുവ ചരിത്രം, ഗാബയില്‍ ചരിത്രജയം പേരിലാക്കി ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളുടെ പരമ്പര 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി. അവസാന ദിനം ഗില്‍, പൂജാര, പന്ത്, എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ-369 & 294, ഇന്ത്യ-336 & 329-7. നേരത്തെ, മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.  138 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സുമായി പുറത്താവാതെ 89 റണ്‍സെടുത്ത റിഷഭ് പന്തിനാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം. 21 വിക്കറ്റുമായി ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.  വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമണങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ടീം ഇന്ത്യ. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്‍റെ മാറ്റ് കൂട്ടുന്നു.

Related Articles

Latest Articles