Tuesday, April 16, 2024
spot_img

കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ചു; പേടകത്തിലുള്ളത് ബഹിരാകാശ നിലയത്തിലേക്കുള്ള അവശ്യ സാധനങ്ങൾ

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ സാങ്കേതികവിദ്യാ സ്ഥാപനമായ നോര്‍ത്ത്‌റോപ്പ് ഗ്രുമ്മനാണ് ബഹിരാകാശ നിലയത്തിലേക്ക് വേണ്ട അവശ്യ സാധനസാമഗ്രികളടങ്ങുന്ന ചരക്കുകളുമായി പേടകം വിക്ഷേപിച്ചത്. ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ സമയം രാവിലെ 6.46 നായിരുന്നു വിക്ഷേപണം. തങ്ങളുടെ ബഹിരാകാശ വാഹനത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യര്‍ഹമായ സംഭാവന നല്‍കിയ ഒരാളുടെ പേര് നല്‍കാനാണ് ആഗ്രഹിച്ചിരുന്നതെന്നും അപ്പോഴാണ് കല്‍പനാ ചൗളയുടെ പേര് അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിച്ചതെന്നും വിക്ഷേപണത്തിന് ശേഷം നോര്‍ത്‌റോപ്പ് ഗ്രുമ്മന്‍ വ്യക്തമാക്കി.

രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരുക. രക്താർബുദത്തിന് ഉപയോഗിക്കാൻ കഴിയുന്ന മരുന്ന്, ബഹിരാകാശത്ത് വിളവെടുക്കാൻ പാകത്തിന് വിളയിച്ചെടുക്കേണ്ട ഭക്ഷ്യധാന്യം, ബഹിരാകാശ നടത്തം ചിത്രീകരിക്കേണ്ട വെർച്വൽ കാമറ തുടങ്ങി 6000 പൗണ്ടിന്റെ സാധനങ്ങളാണ് എയർക്രാഫ്റ്റിലുള്ളത്.

ഇറ്റലിയിലെ ടുറിനിലുള്ള തേയ്ല്‍സ് അലേന സ്‌പേസ് ഏയറോസ്‌പേസ് കമ്പനിയിലാണ് എസ്എസ് കല്‍പന ചൗള സിഗ്നസ് പേടകം നിര്‍മിച്ചത്. രണ്ട് സോളാര്‍ പാനലുകള്‍, നാവിഗേഷന്‍ ഉപകരണം, പ്രൊപ്പള്‍ഷന്‍ ഉപകരണം എന്നിവ ഇതിനുണ്ട്. ഉക്രെയിനിലെ യുസ്മാഷ് ഫാക്ടറിയിലാണ് വിക്ഷേപണത്തിന് ഉപയോഗിച്ച അന്റാറെസ് 230+ റോക്കറ്റ് നിര്‍മിച്ചത്.

Related Articles

Latest Articles