Saturday, April 20, 2024
spot_img

നിഗൂഢ സ്‌തൂപത്തിന്റെ ചുരുളഴിയുന്നു; ഞെട്ടിക്കുന്ന ചിത്രങ്ങളുമായി ഫോട്ടോഗ്രാഫർ രംഗത്ത്

ലോസ്ആഞ്ചലസ് : ഏതാനും ദിവസങ്ങളായി അമേരിക്കയിലെ യൂട്ടാ മരുഭൂമിയിൽ ഒരു പ്രത്യേക ലോഹ സ്തംഭം കണ്ടെത്തിയതും പിന്നീട് അത് അവിടെ നിന്നും അപ്രത്യക്ഷമായതും മൈലുകൾക്കിപ്പുറം റൊമേനിയയിൽ സമാന സ്തൂപം പ്രത്യക്ഷപ്പെട്ടതുമൊക്കെ വാർത്തകളിൽ ഏറെ ചർച്ചയാണ്. എന്നാൽ ഇപ്പോഴിതാ ലോഹസ്തംഭത്തിന് പിന്നിലെ ‘ നിഗൂഢത ‘യുടെ ചുരുളഴിയുകയാണ്. പുറത്തുവന്നിരിക്കുന്ന ഏതാനും ചിത്രങ്ങളിലൂടെ മനുഷ്യർ തന്നെയാണ് സ്തൂപത്തിന്റെ തിരോധാനത്തിന് പിന്നിലെന്ന് വ്യക്തമാകുന്നുണ്ട്.

ഫോട്ടോഗ്രാഫറായ റോസ് ബെർനാർഡ്സ് ആണ് ചിത്രങ്ങൾ പകർത്തിയത്. വെള്ളിയാഴ്ച സ്തൂപം സന്ദർശിക്കാനെത്തിയതായിരുന്നു റോസ്. അർദ്ധരാത്രി ഇവിടെ പ്രത്യക്ഷപ്പെട്ട നാല് പേർ ചേർന്ന് സ്തൂപം ഇളക്കിയെടുത്ത് ഒരു ഒറ്റച്ചക്ര കൈവണ്ടിയിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത റോസ് അതേ പറ്റി വിശദീകരിക്കുകയും ചെയ്തു. സ്തൂപം നീക്കം ചെയ്തവർ തങ്ങളെ കണ്ടിരുന്നതായും റോസ് പറയുന്നു. മരുഭൂമിയിൽ ചവർ ഉപേക്ഷിക്കാത്താത് ഇതിനാലാണെന്ന് നാല് പേരിൽ ഒരാൾ പറയുന്നത് കേട്ടെന്നും റോസ് അവകാശപ്പെടുന്നു. അതേസമയം യൂട്ടയിലെ സ്തൂപം തങ്ങൾ നീക്കം ചെയ്തെന്ന് അവകാശപ്പെട്ട് സാഹസികനും കായികാഭ്യാസിയുമായ ആൻഡി ലൂയിസ് എന്ന 34 കാരൻ യൂട്യൂബിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. സ്തംഭം നീക്കം ചെയ്യുന്നതിന്റെ ഏകദേശ സാമ്യമുള്ള ചിത്രങ്ങൾ വീഡിയോയിൽ കാണിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.

നവംബർ 18നാണ് തെക്കൻ യൂട്ടായിലെ മരുഭൂമിയിൽ കൂറ്റൻ അജ്ഞാത ലോഹ ശിലാ സ്തംഭം കണ്ടെത്തിയത്. മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപം മണ്ണിൽ നിന്നും ഏകദേശം 12 അടി ഉയരത്തിൽ കണ്ടെത്തിയ സ്തംഭത്തിന് ത്രികോണാകൃതിയാണുണ്ടായിരുന്നത്. ഹെലികോപ്ടർ വഴി ബിഗ് ഹോൺ ഷീപ്പുകളുടെ സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിലാണ് മരുഭൂമിയിലെ സ്തംഭം ശ്രദ്ധയിൽപ്പെട്ടത്. തിളക്കമാർന്ന ലോഹമാണ് സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ആ ലോഹം ഏതാണെന്ന് വ്യക്തമല്ല. യൂട്ടാ മരുഭൂമിയിൽ എവിടെയാണ് ഇതെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടിരുന്നില്ല. എന്നാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആളുകൾ തന്നെ കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ‘ 2001 : എ സ്പേസ് ഒഡീസിയിൽ ‘ ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് ഇവിടെ സ്ഥാപിച്ചതാകാനും ഇടയുണ്ടെന്ന് ഗവേഷകർ പറഞ്ഞിരുന്നു. എന്നാൽ ചിലരാകട്ടെ സ്തൂപം അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാണെന്ന് വരെയുള്ള വാദവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം, ഇപ്പോൾ സ്തൂപം ഇളക്കി മാറ്റിയവർ തന്നെയാണോ അത് അവിടെ സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ഫോട്ടോഗ്രാഫർ റോസിന്റെ വാദവും ഔദ്യോഗികമായി തെളിയിക്കപ്പെട്ടിട്ടില്ല.

Related Articles

Latest Articles