Wednesday, April 24, 2024
spot_img

IPL 2023: പരിക്കിൽ നിന്ന് മോചിതനാകാത്ത ജോണി ബെയർസ്റ്റോയ്ക്ക് കളിക്കാനാകില്ല; ഇടിവെട്ട് ഓസ്‌ട്രേലിയൻ താരത്തെ പകരക്കാരനാക്കി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്

കഴിഞ്ഞ വർഷം യോർക്ക്ഷെയറിൽ തന്റെ സുഹൃത്തുക്കളോടൊപ്പം ഗോൾഫ് കളിക്കുന്നതിനിടെ പരിക്കേറ്റതിനെത്തുടർന്ന് സ്റ്റാർ-ഇംഗ്ലീഷ് ബാറ്റർ ജോണി ബെയർസ്റ്റോ വരാനിരിക്കുന്ന സീസണിൽ ടീമിനോടൊപ്പം ഉണ്ടാകില്ലെന്ന് ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്സ് അറിയിച്ചു. താരത്തിന് പകരക്കാരനായി 35.23 ശരാശരിയിലും 144.47 സ്‌ട്രൈക്ക് റേറ്റിലും 458 റൺസ് നേടി BBL-ൽ കൊടുങ്കാറ്റായി മാറിയ അൺക്യാപ്ഡ് ഓസ്‌ട്രേലിയൻ ബാറ്റർ മാത്യു ഷോർട്ടിനെ ടീമിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സെപ്തംബർ 2 നാണ് ബെയർസ്റ്റോ തന്റെ സുഹൃത്തുക്കളോടൊപ്പം ഗോൾഫ് കളിക്കുന്നതിനിടെ വഴുതി വീണ് ഇടത് കാൽ ഒടിഞ്ഞ് കണങ്കാലിന് സ്ഥാനഭ്രംശം സംഭവിച്ചത്. പരിക്കിനെത്തുടർന്ന് ഇംഗ്ലണ്ട് വിജയിച്ച ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ്, പാകിസ്ഥാനുമായുള്ള ടെസ്റ്റ് പരമ്പര, തുടർന്നുള്ള ന്യൂസിലൻഡ് പര്യടനം എന്നിവ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു .

2016-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎൽ കിരീടത്തിൽ മുത്തമിട്ട ബെയർസ്റ്റോയ്ക്ക് 2022-ൽ പഞ്ചാബിനൊപ്പം 11 മത്സരങ്ങളിൽ നിന്നായി 253 റൺസ് മാത്രമാണ് നേടാനായത്, രണ്ട് അർധസെഞ്ചുറികൾ ഉൾപ്പെടെ 144.57 സ്‌ട്രൈക്ക് റേറ്റോടെ 23.00 ആയിരുന്നു ശരാശരി.

മറുവശത്ത്, മാത്യു ഷോർട്ട് തകർപ്പൻ ഫോമിലാണ്. ബിബിഎൽ 2022/23 സീസണിൽ ഹോബാർട്ട് ഹുറികെയ്‌നിനെതിരെ അദ്ദേഹം പുറത്താകാതെ സെഞ്ച്വറി നേടുകയും ഏഴ് വിക്കറ്റ് ശേഷിക്കെ 230 എന്ന കൂറ്റൻ സ്‌കോർ പിന്തുടരാൻ അഡ്‌ലെയ്ഡിനെ സഹായിക്കുകയും ചെയ്തു. മാത്രമല്ല ടൂർണമെന്റിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ ഒരു മികച്ച ഓഫ് സ്പിന്നറാണ് അദ്ദേഹം.

Related Articles

Latest Articles