Thursday, March 28, 2024
spot_img

സൗന്ദര്യത്തിന്റെയും ഗ്ലാമറിന്റെയും ലോകമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ; ഇസ്ലാമിസ്റ്റുകളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി കടുത്ത പോരാട്ടം നടത്തുന്ന ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യവുമായി കഴുത്തിൽ കുരുക്കണിഞ്ഞ് മോഡൽ

ലോകം ശ്രദ്ധിക്കുന്ന ഗ്ലാമർ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ. ഇറാനിയൻ മോഡലായ മഹ്ലാ​ഗ ജബേരിയാണ് ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത സ്വാതന്ത്ര്യ സമര പോരാട്ടം നടത്തുന്ന ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തന്റെ വസ്ത്രത്തിലൂടെയാണ് ജബേരി പ്രതിഷേധം അറിയിച്ചത്. കറുപ്പു നിറത്തിലുള്ള ​ഗൗൺ ധരിച്ചാണ് മഹ്ലാ​ഗ റെഡ് കാർപെറ്റിൽ ചുവടുവച്ചത്. വസ്ത്രത്തിനൊപ്പം കഴുത്തിന്റെ ഭാ​ഗത്തുള്ള കുരുക്കിന്റെ രൂപത്തിലുള്ള ഡിസൈനാണ് ജബേരിയുടെ ലുക്ക് വ്യത്യസ്തമാക്കിയത്. ബീജ് നിറത്തിലുള്ള കുരുക്കാണ് വസ്ത്രത്തോട് ചേർത്തു ഡ‍ിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കഴുത്തിൽ കുരുക്കിട്ടതാണെന്ന തോന്നലാണ് ഉണ്ടാവുക. ഇത്തരമൊരു ഡിസൈനിൽ അവതരിച്ചതിനു പിന്നിലും മഹ്ലാ​ഗയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. മറ്റൊന്നുമല്ല ഇറാനിലെ ഭരണകൂട കൊലപാതകങ്ങൾക്ക് എതിരെയുള്ള ശബ്ദമാണത്.

ശരിയായി ഹിജാബ് ധരിക്കാത്തതിന‍് ഇറാനിൽ സദാചാര പോലീസ് അറസ്റ്റു ചെയ്ത മഹ്സ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതിനു പിന്നാലെയാണ് ഇറാനിലെ തെരുവുകളിൽ പ്രതിഷേധം ശക്തിപ്പെടുന്നത്. ഇറാനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് മഹ്ലാ​ഗ കാൻ ലുക്കിന്റെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. വൈകാതെ തന്നെ ഈ പ്രതിഷേധത്തിന് സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. സ്ത്രീകൾ ഹിജാബ് കൊണ്ട് കൃത്യമായി മുടി മറക്കാതിരിക്കുന്നതോ ഇറുകിയ വസ്ത്രം ധരിക്കുന്നതോ ഒക്കെ ഇറാനിൽ കുറ്റകരമാണ്. ഇവ നിരീക്ഷിക്കാൻ സദാചാര പോലീസ് സദാ തെരുവുകളിൽ ഉണ്ടായിരിക്കും. അറസ്റ്റിലായതിനു ശേഷം കസ്റ്റഡിയിലിരിക്കവേയാണ് മഹ്സ മരണപ്പെടുന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതും രക്തസ്രാവവും പക്ഷാഘാതവുമാണ് മഹ്സയുടെ മരണത്തിന് കാരണമായത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. അവിടുന്നിങ്ങോട്ട് ഇറാനിൽ പ്രതിഷേധങ്ങളുടെ നീണ്ടനിര ആരംഭിക്കുകയായിരുന്നു. മഹ്സയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് തെരുവുകളിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയുമൊക്കെ ചെയ്തത്.

Related Articles

Latest Articles