Friday, April 26, 2024
spot_img

റീ ബിൽഡ് ക്യൂബ പിണറായിയുടെ ഗുഢ ലക്ഷ്യമോ ?

ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ പിണറായിയുടെ വിദേശ യാത്രയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്. അമേരിക്കയില്‍ മാത്രമല്ല ക്യൂബയിലേക്കും മുഖ്യൻ സന്ദർശനം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയില്‍ ചികിത്സയും സുഖവാസവുമാണെങ്കില്‍ ക്യൂബയില്‍ എന്തു മലമറിക്കാനാണ് സന്ദര്‍ശനമെന്ന പേരിൽ പോകുന്നതെന്ന് കൂടെ പോകുന്നവര്‍ക്ക് പോലും നിശ്ചയമില്ല. യുഎഇയില്‍ തട്ടിക്കൂട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും ആരോ എവിടെയോ നിന്ന് ക്ഷണിച്ചിരുന്നു. എന്നാൽ കേന്ദ്രം അനുമതി ആദ്യം നിഷേധിച്ചിരുന്നു. ഔദ്യോഗിക ക്ഷണമില്ലാത്തതിനാലാണ് കേന്ദ്രം മുഖ്യന്റെയും പരിവാരങ്ങളുടെയും യുഎഇ യാത്ര അനുമതി നിഷേധിച്ചത്.
യുഎഇ പ്രതിനിധികള്‍ ക്ഷണിച്ചിരുന്നില്ലെന്ന വിവരം കേന്ദ്രം യാത്രനുമതി നിഷേധിച്ചപ്പോഴാണ് കേരളം അറിയുന്നത്. അമേരിക്കയില്‍ ലോക കേരള സഭയെന്നൊരു പരിപാടി നടത്തുന്നുണ്ട്. കേരളത്തില്‍ മൂന്നു സഭകള്‍ നടത്തിയിട്ടും അതിന്റെ ഉപകാരം എന്തുണ്ടായെന്നതിനെ കുറിച്ച് ആര്‍ക്കും ഒരു രൂപവുമില്ല. ആ അവസരത്തിലാണ് ഇനി കേരളത്തിന് പുറത്തൊന്ന് പോയി പയറ്റി നോക്കാമെന്ന ലക്ഷ്യത്തോടെ മുഖ്യന്റെയും പരിവാരങ്ങളുടെയും യാത്ര.

അതേസമയം, അങ്ങോട്ട് പണം ചിലവഴിച്ച് ലോക കേരള സഭ അമേരിക്കയില്‍ നടത്തുന്നതും മന്ത്രിമാരുടെയും പരിവാരങ്ങളുടെയും യാത്രയുടെയും ആഡംബരത്തിന്റെയും ചെലവുകളുമെല്ലാം കേരളത്തിന്റെ ഖജനാവിനെയാണ് ചോര്‍ത്തുന്നത്. ഇതെല്ലാം കേരളത്തിനുവേണ്ടിയാണോ ക്യൂബയ്ക്ക് വേണ്ടിയാണോയന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ക്യൂബയില്‍ ചെറുതരിയായി നില്ക്കുന്ന കമ്മ്യൂണിസത്തെ നാശത്തില്‍ നിന്നും കരകയറ്റാനാണോ കേരളത്തിന്റെ ഖജനാവ് മുടിക്കുന്നതെന്ന ചോദ്യവുമുയരുകയാണ്. കേരളത്തില്‍ നടത്തിയ പ്രവാസി സംഗമങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു. അപ്പോഴാണ് വിദേശത്ത് സര്‍ക്കാര്‍ പണം ചിലവാക്കി ലോക കേരള സഭ നടത്തുന്നത്. വലിയ നിക്ഷേപം വരുമെന്ന വീമ്പിളക്കിയാണ് വിദേശ യാത്രയ്ക്ക് മുഖ്യന്റെയും അടിമ സഖാക്കളുടെയും യാത്ര. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇന്നലെയാണ് ലഭിച്ചത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. അമേരിക്കയില്‍ മുഖ്യമന്ത്രി വിശദ തുടര്‍ ചികില്‍സയ്ക്കും വിധേയനാകുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ക്യൂബന്‍ യാത്രയും നിഷേധിച്ചിരുന്നെങ്കിലുണ്ടാകാന്‍ സാധ്യതയുള്ള അപമാനം ഭയന്ന് കേന്ദ്രത്തിന്റെ കാല് നക്കി അനുമതി ഒപ്പിച്ചെടുത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ മുഖ്യനെ അനുഗമിക്കുന്നുണ്ട്.

നിലവില്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയാണ് ഒരുകാലത്ത് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയായിരുന്ന ക്യൂബ. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും അതിരൂക്ഷമായതിനാല്‍ കഴിഞ്ഞ മെയ് ദിനത്തില്‍ പരമ്പരാഗത മെയ്ദിന പരേഡ് പോലും റദ്ദാക്കിയ ക്യൂബയുടെ മാതൃക പഠിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് ഒരു ഉന്നതതല സംഘം അവിടേക്ക് പോകുന്നത്. ജൂണ്‍ 8 മുതല്‍ 12 വരെ അമേരിക്കയില്‍ വച്ച് നടക്കുന്ന ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷയോടൊപ്പമാണ് ക്യൂബന്‍ സന്ദര്‍ശനത്തിനുള്ള അപേക്ഷ മുഖ്യമന്ത്രി കേന്ദ്രത്തിന് നല്‍കിയത്. അമേരിക്കയില്‍ നിന്ന് അന്‍പത്തെട്ട് കിലേമീറ്റര്‍ മാത്രമാണ് ക്യൂബയിലേയ്ക്കുള്ളത്. അമേരിക്ക സകല സമ്പല്‍ സമൃദ്ധിയിലും ജീവിക്കുമ്പോള്‍ ക്യൂബയില്‍ പട്ടിണി മൂലം കുട്ടികള്‍ പോലും മരിച്ചു വീഴുകയാണ്. തെറ്റായ സാമ്പത്തിക നയങ്ങളിലൂടെയാണ് ക്യൂബ പട്ടിണിയിലേയ്ക്ക് കൂപ്പുകുത്തിയത്. അതേസമയം, ക്യൂബയില്‍ കേരളത്തില്‍ നിന്നും നിക്ഷേപമെത്തിക്കാനാണ് മുഖ്യന്റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ഡ്രോ സിമന്‍കസ് മറിനുമായി കേരള ഹൗസില്‍ നേരത്തെ നടത്തിയ കൂടിക്കാഴ്ച വിവാദത്തില്‍ ആയിരുന്നു. ഒരു രാജ്യത്തിന്റെ അംബാസഡറെയും ഡെപ്യൂട്ടി അംബാസഡറെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി യോഗം ചേരുന്നത് നിയമ വിരുദ്ധവും പ്രോട്ടോക്കോള്‍ ലംഘനവുമാണെന്നായിരുന്നു അന്ന് ഉയര്‍ന്ന വിവാദം. മുഖ്യമന്ത്രി നടത്തിയ വിരുന്നു സല്‍ക്കാരത്തില്‍ ക്യൂബന്‍ അംബാസഡര്‍ മറിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍സ് ആബേല്‍ അബെല്ലെ ഡെസ്‌പെയിങ്ങും കേരള ഹൗസിലെത്തിയിരുന്നു. അതും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യോഗം നടന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അംബാസിഡര്‍മാരെ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കാണാന്‍ പാടില്ലെന്നാണ് ചട്ടം. കാണുന്നുവെങ്കില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ആകാവൂവെന്നാണ് വ്യവസ്ഥയുള്ളത്. പിണറായി ക്യൂബന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെകുറിച്ച് കേന്ദ്രം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അമേരിക്കന്‍ സന്ദര്‍ശനവും ലോക കേരള സഭയും കേരളത്തില്‍ നിക്ഷേപമെത്തിക്കാനാണോ അതോ ക്യൂബയിലേയ്ക്ക് വ്യവസായികളെ ആകര്‍ഷിക്കാനാണോയെന്ന സംശയവും ഉയരുന്നുണ്ട്. ക്യൂബയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന വാഗ്ദാനം നല്കിയിതിന് ശേഷമാണ് സഭ സംഘടിപ്പിക്കുന്നതും ക്യൂബ സന്ദര്‍ശിക്കുന്നതും എന്നതും ദുരൂഹമാണ്. ക്യൂബയെ പട്ടിണിയില്‍ നിന്നു കരകയറ്റാന്‍ കേരള സിപിഎം നേതാക്കള്‍ വലിയ പരിശ്രമം നടത്തുന്നുവെന്നതിന്റെ തെളിവാണ് അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലെ സിപിഎം നേതാക്കളുടെ സാന്നിധ്യം. കേരളത്തിലെ പട്ടിണിയും അരക്ഷിതാവസ്ഥയും മാറ്റിയില്ലെങ്കിലും ക്യൂബ തകരുരുതെന്നാഗ്രഹിക്കുന്നവരാണ് സിപിഎം തലപ്പത്തുള്ളത്. ചെഗുവേരയേയും ക്യൂബയേയും ചൂണ്ടിക്കാട്ടിയാണ് ഇവിടെ കമ്മ്യൂണിസം വളര്‍ത്തി കൊണ്ടിരിക്കുന്നത്. പുതുയുഗത്തില്‍ ക്യൂബയുടെ തകര്‍ച്ചയുടെ വിവരങ്ങള്‍ ലോകമെങ്ങും പാട്ടായി കൊണ്ടിരിക്കുകയാണ്. ക്യൂബയുടെ തകര്‍ച്ചയല്ല കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയായി അതു വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്. എന്തായാലും മുഖ്യന്റെ ക്യൂബ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

Related Articles

Latest Articles