Saturday, April 20, 2024
spot_img

ഷിയാ പള്ളിയിലെ സ്‌ഫോടനം: പിന്നിൽ ഐഎസ് തന്നെ, ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരർ

കാബൂൾ: താലിബാന് തലവേദനയായി ഐഎസ് ഭീകരർ (ISIS Attack). അഫ്ഗാനിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരർ തന്നെയെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്‌ക്കിടെ ഷിയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്.

കാണ്ഡഹാറിലെ പള്ളിയിയ്ക്ക് നേരെയാണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 47 പേരാണ് കൊല്ലപ്പെട്ടത്. 70 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ചാവേർ ആക്രമണമാണ് തങ്ങൾ നടത്തിയതെന്നും കുന്ദൂസിലെ ആക്രമണവും കാണ്ഡഹാറിലെ ആക്രമണവും തങ്ങൾ നിശ്ചയിച്ചതാണെന്നും ഐ.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. ഐക്യരാഷ്‌ട്ര രക്ഷാകൗൺസിൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് കൊടുംക്രൂരതകൾ തങ്ങളാണ് ചെയ്യുന്നതെന്ന പ്രസ്താവനയുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത്. ആഗസ്റ്റ് മാസത്തിൽ കാബൂൾ താലിബാൻ പിടിച്ച ശേഷം നിരവധി സ്‌ഫോടനങ്ങളാണ് അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിൽ ഇതുവരെ നടന്നത്. അഫ്ഗാനെ തങ്ങളുടെ അധീനതയിലാക്കാനുള്ള ശക്തമായ നീക്കമാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഐ.എസ്. നടത്തുന്നത്.

മുൻ അഫ്ഗാൻ ഭരണകൂടത്തിനെതിരെ ഐ.എസിനെ ഉപയോഗപ്പെടുത്തിയ താലിബാന് ഐ.എസ് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതികൾ തിരിച്ചടിയാവുകയാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ സമാധാനവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന താലിബാന് പക്ഷെ ഐ.എസ് ഭീകരർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇനിയും സ്ഫോടനങ്ങൾ ഉൾപ്പെടെയുളള ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്.

Related Articles

Latest Articles