It is proposed to deliver the rented helicopter for the government in April
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുജനം ജീവിക്കാനായി നെട്ടോട്ടം ഓടുമ്പോൾ കേരള സർക്കാർ ആഭ്യന്തര ആവശ്യങ്ങൾക്കെന്ന പേരിൽ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ അടുത്ത മാസം സംസ്ഥാനത്തിലെത്തിക്കുമെന്ന് സൂചന . ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽനിന്നാണ് ഇരട്ട എൻജിനും 6 സീറ്റുമുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. 80 ലക്ഷത്തിലധികമാണ് മാസവാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ അധികമായി നൽകണം. കഴിഞ്ഞ തവണ പൊതുമേഖലാ സ്ഥാപനമായ പവൻഹംസിൽനിന്ന് വാടകയ്ക്കെടുത്ത 10 സീറ്റുള്ള ഹെലികോപ്റ്ററിന് 1.44 കോടിരൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.

2020 ഏപ്രിലിലാണ് ദില്ലി പവൻഹംസ് കമ്പനിയിൽനിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സർക്കാർ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് കൈയ്യിട്ടു വാരിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ 56.72 ലക്ഷവും നിസാരമായി ആവിയാക്കി. ഇതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം മാത്രമാണത്. ഇത് അന്ന് തന്നെ ഒത്തിരി ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു.

പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡ് മാരി ആഞ്ഞടിച്ച ആ വർഷം മുന്നോട്ടു പോയില്ല. പിന്നീട് നടപടികൾ ആരംഭിച്ചത് 2021 ഒക്ടോബറോടെയാണ്. 6 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേയ്ക്ക് വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും രൂപീകരിച്ചു. എന്നാൽ, ടെൻഡർ നടപടികൾ മുന്നോട്ടു പോയില്ല.എന്നാൽ ഈ മാസം ഒന്നാം തീയതി ചേർന്ന മന്ത്രിസഭായോഗം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ പൊടുന്നനെ അനുമതി നൽകി. പഴയ ടെൻഡർ പരിശോധിച്ചശേഷം കുറഞ്ഞ തുക ടെൻഡർ നൽകിയ ദില്ലിയിലെ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു.