Friday, April 26, 2024
spot_img

കശ്മീര്‍ ആക്രമണം; വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍. ആകെ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സൈനികരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 12 ജവാന്മാര്‍, രാജസ്ഥാനില്‍ നിന്ന് അഞ്ച്, പഞ്ചാബില്‍ നിന്നുള്ള നാല്, ഉത്തരാഖണ്ഡില്‍ നിന്നുള്ള മൂന്ന് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബീഹാര്‍, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ രണ്ട് സൈനികര്‍ വീതമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരളം, ആസാം, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ സൈനികനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സൈനികനെയും പശ്ചിമബംഗാളില്‍ നിന്നുള്ള മറ്റൊരു സൈനികനെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനു നേരെ ജയ്‌ഷെ ഭീകരന്‍ 350 കിലോഗ്രാം സ്ഫോടകവസ്തു നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Related Articles

Latest Articles