ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ ഗ്രനേഡ് ആക്രമണം നടത്തിയതിന് പിടിയിലായത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി. ചോറ്റുപാത്രത്തിനുള്ളിലാണ് കുട്ടി ഗ്രനേഡ് സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30ഓടെ നടന്ന സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‍ഫോടനത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കുല്‍ഗാം സ്വദേശിയായ പതിനഞ്ചുകാരനെ പിടികൂടുകയായിരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡര്‍ ഫാറുഖ് അഹമ്മദ് ഭട്ടാണെന്ന് പൊലീസ് പറഞ്ഞു.

ഫാറൂഖ് അഹമ്മദ് ഭട്ടിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്താന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തിരഞ്ഞെടുത്തത്. ജമ്മുവില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച കുല്‍ഗാമില്‍ നിന്നു സ്വകാര്യ കാറില്‍ പുറപ്പെട്ട കുട്ടി വ്യാഴാഴ്ച രാവിലെയാണ് ജമ്മുവിലെത്തിയത്. ചോറ്റപാത്രത്തിനുള്ളിലാക്കി കൊണ്ടുവന്ന ഗ്രനേഡ് നിര്‍ത്തിയിട്ട് ബസിനുള്ളില്‍ ഉപേക്ഷിച്ച ശേഷം അതേ കാറില്‍ മടങ്ങി.

യൂട്യൂബ് വിഡിയോകള്‍ കണ്ടാണ് ഗ്രനേഡ് ആക്രമണം നടത്താന്‍ കുട്ടി പരിശീലിച്ചതെന്നു പൊലീസ് പറഞ്ഞു. ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ 250 കിലോമീറ്ററോളം ഒരിടത്തും പിടിക്കപെടാതെ സഞ്ചരിക്കാന്‍ സാധിച്ചതിനെ പറ്റി കൂടുതല്‍ അന്വേഷണം ആവശ്യമാണ്. കുട്ടി സഞ്ചരിച്ച കാറും ഡ്രൈവറിനെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും ജമ്മു ഐജി എം.കെ.സിന്‍ഹ പറഞ്ഞു.