Saturday, April 20, 2024
spot_img

തിരുവാഭരണം ചാർത്തിയ അയ്യനെ തൊഴാൻ ഒരുങ്ങി സ്ത്രീകളുടെ ശബരിമല; പെരുന്നാട്ടിൽ ഇന്ന് അയ്യന് തിരുവാഭരണചാര്‍ത്ത് ഉത്സവം

റാന്നി: പെരുനാട് കക്കാട്ടുകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവാഭരണം ചാര്‍ത്ത് ഉത്സവം (Kakkattu Koikkal Sree Dharma Sasta Temple) ഇന്ന്. മകരസംക്രമസന്ധ്യയില്‍ ശബരിമല അയ്യപ്പന് അണിയിച്ച തിരുവാഭരണങ്ങളാണ് പെരുനാട് ക്ഷേത്രത്തിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്. ഇതിനായി ശബരിമലയിൽ നിന്നും പന്തളത്തേക്കുള്ള മടക്ക യാത്രയിൽ തിരുവാഭരണങ്ങൾ പെരുനാട്ടിൽ എത്തിച്ചേർന്നു. താലപ്പൊലിയോട് കൂടി തിരുവാഭരണങ്ങളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു .തുടർന്ന് ഇന്ന് രാവിലെ 10 .30 മുതൽ തിരുവാഭരണം ചാർത്തിയ അയ്യനെ കണ്ടു തൊഴാൻ ഭക്തരുടെ തിരക്ക് ആരംഭിച്ചു. ചാർത്ത്‌ ഉത്സവത്തിന് ശേഷം തിരുവാഭരണങ്ങൾ നാളെ പുലർച്ചയോടെ പന്തളത്തേക്ക് യാത്രയാകും .

ക്ഷേത്രത്തിനുപിന്നിലെ ഐതിഹ്യം

ശബരിമല ക്ഷേത്ര നിർമ്മാണ വേളയിൽ പന്തളത്തു രാജാവ് ഇവിടെ താമസിച്ചാണ് ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയിരുന്നത് .അന്ന് രാജാവിനു പൂജിക്കാനായി പണിത ക്ഷേത്രമാണിത് എന്നാണ് ഐതിഹ്യം. ആ ഐതിഹ്യ പെരുമയിലാണ്‌ കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ ഇന്നും തിരുവാഭരണങ്ങൾ ചാർത്തുന്നത്. പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും ശബരിമലയിലും ചാർത്തുന്ന തിരുവാഭരണങ്ങൾ പിന്നെ ചാർത്തുന്ന ഏക ക്ഷേത്രം കൂടിയാണ് കക്കാട്ട് കോയിക്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രം.

പ്രായഭേദമന്യെ സ്ത്രീകൾക്ക് പ്രവേശിക്കാവുന്ന ക്ഷേത്രം

ഈ ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ തിരുവാഭരണം ചാർത്തിയ അയ്യനെ കണ്ടു തൊഴാൻ സ്ത്രീജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതും.

Related Articles

Latest Articles