Thursday, April 25, 2024
spot_img

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികൾ തേക്കടിയിൽ വാങ്ങിയ ഭൂമി കണ്ടെത്താനുള്ള നടപടികൾ വൈകുന്നു

ഇടുക്കി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതി ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ തേക്കടിക്ക് സമീപം വാങ്ങിയ ഭൂമി കണ്ടുകെട്ടാനുള്ള നടപടി വൈകുന്നു. പത്തേക്കറോളം ഭൂമിയാണ് തേക്കടി റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഇവ‍ർ വാങ്ങിയത്. ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവന്നതിന് പിന്നാലെ, പണമില്ലാതെ നാലു വർഷം മുമ്പ് നിർമാണം മുടങ്ങി.

തേക്കടിയിൽ നിന്ന് പത്ത് കിലോമീറ്ററോളം അകലെ മുരിക്കടി എന്ന സ്ഥലത്താണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾ ഭൂമി വാങ്ങി കോടികളുടെ റിസോർട്ട് നിർമാണം തുടങ്ങിയത്. 50 കോട്ടേജുകളും ആയൂർവേദ സ്പായും ഒക്കെയുള്ള റിസോ‍ർട്ടാണ് പണിത് തുടങ്ങിയത്. തേക്കടി റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായി എ.കെ.ബിജോയിയാണ് 2014ൽ കെട്ടിടം പണിയാൻ പെർമിറ്റിനായി അപേക്ഷ നൽകിയത്. മൂന്നര കോടിയുടെ നിർമാണം ഇവിടെ നടത്തി. പണത്തിന്റെ വരവ് നിലച്ചതോടെ നാലു വ‍ർഷം മുമ്പ് നിർമാണം നിർത്തി. ഈ സ്ഥലം കണ്ടുകെട്ടാനായി ക്രൈംബ്രാഞ്ച് സ‍ർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇത് ലഭിക്കാൻ കാലതാമസമുണ്ടായി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് കണ്ടു കെട്ടാനുള്ള ഉത്തരവിനായി തൃശ്ശൂർ വിജിലൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്.

കോടതി ഉത്തരവ് കിട്ടിയാൽ കുമളി വില്ലേജ് ഓഫീസർക്ക് സ്ഥലം ഏറ്റെടുക്കാം. കേസിൽ പിടിയിലായ ബിജോയിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥലം വാങ്ങിയതിന്റെയും കെട്ടിട നി‍ർമാണ പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളും ക്രൈംബ്രാഞ്ചും വിജിലൻസും ശേഖരിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലയുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ സർക്കാർ അനാസ്ഥ മൂലം നീണ്ടു പോകുകയാണ്.

Related Articles

Latest Articles