Friday, March 29, 2024
spot_img

സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, അന്വേഷണം പ്രഹസനമാകുന്നു, തെളിവില്ലെന്ന കാരണത്താൽ സഹകരണ വകുപ്പ് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചു

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു.ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി. അച്ചടക്കനടപടി നേരിട്ടവര്‍ സര്‍ക്കാരിന് നല്‍കിയ അപ്പീലില്‍ വിശദമായ വാദവും അന്വേഷണവും നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരിക്കുന്നത്. തൃശൂര്‍ സി.ആര്‍.പി സെക്ഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിനു, മുകുന്ദപുരം സീനിയര്‍ ഓഡിറ്റര്‍ ധനൂപ് എം.എസ് ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയാണ് പിന്‍വലിച്ചത്. കുറ്റാരോപണങ്ങളില്‍ മതിയായ തെളിവുകള്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവില്‍ പറയുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രകാരം ഏഴ് പേരുടെ കുടി സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വ്യവസ്ഥകള്‍ക്ക് വിധേയമായി തൃശൂര്‍ ജില്ലക്ക് പുറത്ത് നിയമനം നല്‍കാനും ഉത്തരവില്‍ പറയുന്നുണ്ട്.. കുറ്റാരോപണത്തില്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ചാലക്കുടി അസി. രജിസ്ട്രാര്‍ കെ. ഒ. ഡേവിസിനെതിരെയുള്ള നടപടിയും അവസാനിപ്പിച്ചു.

ബാങ്കിലെ വീഴ്ചകള്‍ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവര്‍ക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കേരളബാങ്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ എം.ഡി. രഘു സര്‍വീസില്‍ നിന്നും വിരമിച്ചുവെങ്കിലും ഇദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. നടപടി നേരിട്ടിരുന്നവര്‍ കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്ന 2014 മുതലുള്ള കാലയളവില്‍ ബാങ്കിന്റെ മേല്‍നോട്ട ചുമതലയുള്ള തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിരുന്നവരാണ്.

Related Articles

Latest Articles