Friday, March 29, 2024
spot_img

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നത് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ വീഴ്ചകൊണ്ട്: കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ഡല്‍ഹി ആംആദ്മി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ ഡല്‍ഹി ആംആദ്മി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന ആരോപണവുമായാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡല്‍ഹി സര്‍ക്കാരിന്റെ അവഗണന കൊണ്ടാണ്. നീതി വൈകുന്നതിന്റെ ഉത്തരവാദിത്തം എഎപിക്കാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയ്ക്ക് ദയാഹര്‍ജി നല്‍കുന്നതിന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
നാലു പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജി നല്‍കിയതോടെ ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി മുകേഷ് കുമാര്‍ സമര്‍പ്പിച്ചരിക്കുന്ന ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ച ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് സര്‍ക്കാരും പോലീസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

തന്റെ മരണ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുകേഷ് സിങിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരും പോലീസും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം, കേസില്‍ വിധി വന്ന് രണ്ടു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ വൈകിപ്പിച്ചത് എന്തിനെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പ്രതികള്‍ ഇത്തരത്തില്‍ പല തവണകളായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നത് നിയമത്തിന്റെ നടപടി ക്രമത്തെ പരാജയപ്പെടുത്താനാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ വാദിച്ചു.

ഈ മാസം 22 ന് രാവിലെ ഏഴു മണിക്ക് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാണ് ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനിടെ, കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12 ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിന് അനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

Related Articles

Latest Articles