Tuesday, April 23, 2024
spot_img

സമന്‍സ് ഇനി വാട്‌സാപ്പിൽ വരും: കേരളത്തിലെ കോടതികള്‍ ‘ഹൈടെക്ക്’ ആകുന്നു

കൊച്ചി: കേരളത്തിലെ കോടതികൾ ഹൈടെക്ക് ആക്കുന്നു. ഇതിന്റെ ഭാഗമായി സമന്‍സുകൾ വാട്‌സാപ്പിലൂടെയും കൈമാറാനും കോടതി നടപി അറിയിക്കാൻ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാനും തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡിജിപിയും ആഭ്യന്തരവകുപ്പിലേയും ഹൈക്കോടിതിയിലേയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ കമ്മിറ്റി.

സമൻസ് വാട്സാപ്പിൽ അയയ്ക്കുക വഴി മേല്‍വിലാസങ്ങളിലെ പ്രശ്‌നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്‌നങ്ങളും സമയനഷ്ടങ്ങളുമെല്ലാം പരിഹരിക്കാനാകും. വാട്‌സാപ്പിനു പുറമേ എസ്എംഎസ്, ഈമെയില്‍ എന്നിവയും ഇനി സമൻസ് അയയ്ക്കാൻ ഉപയോഗിക്കാം. ഇതിന് ക്രിമിനല്‍ നടപടി ചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യെണ്ടി വരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. ഇതോടെ വാദികളുടേയും പ്രതികളുടേയും മൊബൈല്‍ നമ്പറും ഇനി കേസിനൊപ്പം ചേർക്കേണ്ടിവരും.

കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരെ കൂടി പങ്കാളിയാക്കാനും തീരുമാനമുണ്ട്. ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേർന്ന് പഴയ കേസുകള്‍ വേഗം തീര്‍ക്കാന്‍ നടപടികൾ സ്വീകരിക്കും. രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറണ്ട് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്ത വ്യക്തികളുടെ വിവരങ്ങള്‍ ജനുവരി 31നകം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു. കേരളത്തില്‍ തീര്‍പ്പാക്കാത്ത 12,77,325 കേസുകളാണ് ആകെയുള്ളത്. ഇതില്‍ 3,96889 എണ്ണം സിവിലും 8,80,436 ക്രിമിനല്‍ കേസുകളുമാണ്.

Related Articles

Latest Articles