തിരുവനന്തപുരം: സർവ്വകലാശാലാ പദവികളിലേക്ക് സ്വന്തം വിശ്വസ്തരെയും സഖാക്കളുടെ ഭാര്യമാരെയും തിരുകിക്കയറ്റുന്ന പതിവ് ദീർഘനാളായി തുടരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ കേരളാ വിസി നിയമനത്തിൽ സ്വന്തം അജണ്ട നടപ്പിലാക്കാൻ കഴിയാതെ ഇത്തവണ പ്രതിസന്ധിയിലായിരിക്കുകയാണ് സിപിഎം. വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസിലർ എന്ന നിലയിൽ രണ്ട് പ്രതിനിധികളെ നിയമിച്ചതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്. സര്‍വകലാശാല, യു.ജി.സി., ചാന്‍സലര്‍ എന്നിവയുടെ ഓരോ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് വി.സി.യെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി. ഇതിലേക്കുള്ള രണ്ടുപേരുകളാണ് ചാന്‍സലറെന്ന അധികാരത്തില്‍ ഗവര്‍ണര്‍ നിശ്ചയിച്ചത്. എന്നാൽ ഗവർണ്ണർക്ക് ഇക്കാര്യത്തിൽ വിവേചനാധികാരമില്ലെന്നും ഗവർണ്ണറുടെ നടപടി ചാൻസിലർ എന്ന പദത്തിൻറ്‍റെ ദുരുപയോഗമാണ് എന്നാണ് ഇപ്പോൾ പാർട്ടിയും സർക്കാരും വിലയിരുത്തുന്നത്.

ചാൻസിലർ പദവി ഭരണഘടനാ ദത്തമല്ലെന്നും സര്‍വകലാശാലാ നിയമമനുസരിച്ചാണ് ഗവര്‍ണര്‍ ചാന്‍സലറാവുന്നതെന്നും സർക്കാർ വാദിക്കുന്നു. രണ്ടു പ്രതിനിധികളെ ഗവര്‍ണര്‍ നിശ്ചയിച്ചെങ്കിലും സര്‍വകലാശാലാ പ്രതിനിധിയുണ്ടെങ്കിലേ സെര്‍ച്ച് കമ്മിറ്റി നിലവില്‍വരൂ. രണ്ടുപേരെ ചാന്‍സലര്‍ തീരുമാനിച്ചെങ്കിലും സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചിതസമയത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന് നിബന്ധനയില്ല. ഈ പഴുതുപയോഗിച്ച് സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കല്‍ വൈകിപ്പിക്കാനും. ഇതിനിടയില്‍, ജയകുമാര്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുമാണ് സർക്കാർ നീക്കം. എന്നാല്‍, സ്വന്തം അധികാരം കളയുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ഏറ്റുമുട്ടലിനും വഴിയൊരുങ്ങും. ഗവർണറോട് പലതവണ ഏറ്റുമുട്ടി ഇളിഭ്യരായ സർക്കാർ ഇനി ഒരിക്കൽക്കൂടി അതിന് തയ്യാറാകുമോ എന്നതാണ് ചോദ്യം.