Friday, April 19, 2024
spot_img

ആരും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് ഹൈക്കോടതി; ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പെടാ പാടുപെടുന്നു; പരിഷ്‌ക്കാരങ്ങൾ പാളി; മുന്നൊരുക്കങ്ങളിൽ അപാകതയെന്ന് പരാതി; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

സന്നിധാനം: തിരക്ക് നിയന്ത്രിക്കാൻ പോലീസ് പെടാപാട് പെടുന്ന കാഴ്ച്ചയാണ് സന്നിധാനത്ത്. സുഗമമായ തീർത്ഥാടനത്തിന് എന്ന പേരിൽ പോലീസ് കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും പാളി. അശാസ്ത്രീയ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും കാരണം ഭക്തരും പോലീസും തമ്മിൽ തർക്കവും പതിവാകുന്നു. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആദ്യ തീർത്ഥാടന സീസൺ എന്ന നിലയിൽ സർക്കാരോ ദേവസ്വം ബോർഡോ കാര്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം മരക്കൂട്ടം മുതൽ സന്നിധാനം വരെ ഭക്തർ ക്യു നിന്ന് തളരുകയാണ്. നിലയ്ക്കലിൽ ഒരുക്കിയിരുന്ന പാർക്കിങ് സ്ഥലം നിറഞ്ഞതോടെ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.

ട്രാഫിക് പ്രശ്‌നങ്ങളടക്കം സൃഷ്ടിക്കുന്ന രീതിയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ഹൈക്കോടതി ഇടപെടലുണ്ടായി. വിഷയത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇപ്പോൾ നടക്കുകയാണ്. ആരും ദർശനം കിട്ടാതെ മടങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ട്രാഫിക് കർശനമായി നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി നാളെ മുതൽ നിലക്കൽ വരെ പോലീസ് പെട്രോളിംഗ് ഉണ്ടാകണം. പത്തനംതിട്ട ജില്ലാ കളക്ടർ ഓൺലൈൻ ആയി പ്രത്യേക സിറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതെ സമയം സന്നിധാനത്തെ തിരക്ക് കുറക്കാൻ വിർച്വൽ ബുക്കിങ് പ്രതിദിനം 85000 ആയി കുറയ്ക്കണമെന്ന നിർദ്ദേശം പോലീസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ ഇപ്പോൾ പ്രതിദിനം സന്നിധാനത്ത് എത്തുന്നുണ്ട്. വിർച്വൽ ക്യു ബുക്കിങ്ങിലൂടെ മാത്രമാണ് ഇത്തവണ ദർശനം. ഓൺലൈൻ ബുക്കിങ്ങിനു സാധിക്കാത്തവർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിലടക്കം ഉണ്ടാകുന്ന ഭക്ത ജന പ്രവാഹം നിയന്ത്രിക്കാൻ സർക്കാരോ ദേവസ്വം ബോർഡോ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നില്ല എന്ന് ഇപ്പോൾ തെളിയുകയാണ്.

Related Articles

Latest Articles