കൊച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫും യൂത്ത് കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഡീനിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്തത്.

എസ്എസ്എല്‍സി മോഡല്‍, ഐസിഎസ്‌സി പരീക്ഷകള്‍ തടസപ്പെട്ടതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസിഎസ് സി പരീക്ഷ ദേശീയതലത്തില്‍ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഹര്‍ത്താലില്‍ തടസ്സപ്പെട്ട പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ തുറക്കണം. അല്ലാത്തപക്ഷം അത് കോടതിയലക്ഷ്യമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു. ജനജീവിതം സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിന് കഴിയണം. ഹര്‍ത്താലിന്‍റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഹര്‍ത്താല്‍ അതിക്രമദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കണം. ഹര്‍ത്താലിനെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

അര്‍ധരാത്രിയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്സും മറ്റു സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹര്‍ത്താലുകള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെയാണ് ഞായറാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷം ഡീന്‍ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.