Tuesday, April 23, 2024
spot_img

വിവാദങ്ങളിൽ കുടുങ്ങി അതിവേഗ റെയിൽ; സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകും, പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനവും ശക്തം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് മെല്ലെപ്പോക്ക്. സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്കൊപ്പം പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

തിരുവനന്തപുരത്തു നിന്നും കാസർഗോഡ് നാലുമണിക്കൂറിലെത്താനുള്ള അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍വ്വേ പൂര്‍ത്തിയാക്കി അലൈന്‍മെൻറും തയ്യാറായിരുന്നു. പ്രശ്നങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നു പോകുന്ന പദ്ധതിക്കെതിരെ പലയിടത്തും സമര സമിതികള്‍ രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം കടുപ്പിച്ചു.

സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാനുള്ള തീരുമാനം ഭരണകക്ഷിയായ സിപിഐയുടെ എതിര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. സ്ഥലമേറ്റെടുപ്പിനുള്ള സമിതികളുടെ രൂപീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവര്‍ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ള തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര അനുമതിയോ പാരിസ്ഥിതിക പഠനമോ റെയിൽവെ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതിയോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്. അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ റവന്യൂ വകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

Related Articles

Latest Articles