തിരുവനന്തപുരം: അൻപത്തിരണ്ടാമത് ചലച്ചിത്ര അവാർഡ് വിവാദത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ഹോം സിനിമയ്‌ക്ക് ഒരു പുരസ്‌ക്കാരവും നൽകാതിരുന്നതിൽ നിർമ്മാതാവിന്റെ പേരിലുള്ള കേസ് ഘടകമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവാർഡ് നിർണയത്തിൽ ജൂറിയ്‌ക്ക് പരമാധികാരം നൽകിയിരുന്നു. ഹോം സിനിമ കണ്ടെന്നാണ് ജൂറി പറഞ്ഞത്. ജൂറിയുടേത് അന്തിമ വിധിയാണ്. ഇതിൽ സർക്കാർ ഇനി വിശദീകരണം ഒന്നും ചോദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്‌കാര നിർണയത്തിൽ സാംസ്‌കാരിക വകുപ്പിനോ സർക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊരു റോളുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജോജു ജോർജിന് പുരസ്‌കാരം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാവൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാമെന്നും ഇതിനായി പ്രത്യേക ജൂറിയെ വെയ്‌ക്കാമെന്നും മന്ത്രി പരിഹസിച്ചു.

നേരത്തെ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിച്ച് നടൻ ഇന്ദ്രൻസ് രംഗത്തെത്തിയിരുന്നു.തനിക്ക് അവാർഡ് ലഭിക്കാത്തതിൽ വിഷമമില്ല. ‘ഹോം’ സിനിമയ്‌ക്ക് അവാർഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല അവാർഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായിട്ടുണ്ടാകാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാൽ ജൂറി തിരുത്തുമോയെന്നും ഇന്ദ്രൻസ് ചോദിച്ചിരുന്നു.