തിരുവനന്തപുരം വിമാനത്താവള വികസനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകും;എതിര്‍പ്പുകള്‍ പ്രശ്നമില്ല: കേന്ദ്രമന്ത്രി വി മുരളീധരന്‍

0

തിരുവനന്തപുരം: എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിലൂടെ വികസനം മുരടിച്ച തലസ്ഥാനനഗരത്തെ വികസനകുതിപ്പിലെത്തിക്കാന്‍ സാധിക്കുമെന്നും തലസ്ഥാനനഗരത്തിന്റെ വികസന കുതിപ്പിന് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

“എതിര്‍പ്പുകള്‍ പ്രശ്നമല്ല വികസന സ്വപ്നങ്ങള്‍ ചിറകു വിരിക്കും” എന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രത്യേക വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പേര്‍ തത്വമയി ടിവിയിലൂടെ നടന്ന തത്സമയ സംപ്രേഷണത്തിലൂടെ വെബിനാറിന്റെ ഭാഗമായി.

പരിപാടിയുടെ മോഡറേറ്റര്‍ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ രഞ്ജിത്ത് കാര്‍ത്തികേയനായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, വ്യാവസായിക സാംസ്കാരിക സാമ്പത്തിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ എടുത്തിരിക്കുന്ന തീരുമാനം തീര്‍ത്തും ഉചിതമാണെന്നും രാഷ്ട്രീയ വിവാദങ്ങളൊക്കെ അവസാനിപ്പിച്ച് എല്ലാവരും ഒന്നിച്ച് നിന്ന് ഈ തീരുമാനത്തെ സാക്ഷാത്കരിക്കണമെന്നും മുതിര്‍ന്ന സാമ്പത്തിക വി‍ദഗ്ധനും എഴുത്തുകാരനുമായ ടി പി ശ്രീനിവാസന്‍ വെബിനാറില്‍ പറഞ്ഞു. ഇതിനുപുറമെ ഇ എന്‍ നജീബ്, ജി വിജയരാഘവന്‍ തുടങ്ങിയവരും നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെബിനാറില്‍ പങ്കെടുത്തു.