Thursday, April 18, 2024
spot_img

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്. ഉടമയും മക്കളുമടക്കം അഞ്ച് പ്രതികൾ. കൂടുതൽപേർ പ്രതികൾ ആകുമെന്ന് സൂചന

പത്തനംതിട്ട: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവര്‍ ഇന്നലെയാണ് ദില്ലി എയർപോര്‍ട്ടിൽ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.

പോപ്പുലർ ഫിനാൻസിനെതിരെയുള്ള പരാതികൾ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവിൽ കേസന്വേഷിക്കുന്ന അടുർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം മാറ്റാൻ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.

ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടലാണ്. മുഴുവൻ ശാഖകളിലേയും നിക്ഷേപകരുടെ പൂർണ കണക്കെടുത്തെങ്കിൽ മാത്രമെ കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിക്കുകയുള്ളു. ഇതുവരെയുള്ള അന്വേഷണ പ്രകാരം എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ് നിശ്ചയിച്ചിട്ടില്ല. എത്ര നിക്ഷേപകരുണെന്നതും അന്വേഷിക്കുകയാണ്. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക സംബന്ധിച്ച് പുറത്ത് പറയാൻ തയ്യാറായിട്ടില്ല. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പണം നിക്ഷേപിച്ചവരിലുണ്ട്. ഇവരിൽ പലരും ഇതുവരെ പരാതി നൽകിയിട്ടില്ല.

അതേ സമയം പത്തനംതിട്ട സബ് കോടതിയിൽ സ്ഥാപന ഉടമ റോയി ഡാനിയേൽ നൽകിയ പാപ്പർ ഹർജി ഫയലിൽ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹർജി പരിഗണിക്കും. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പ്പോട്ടേഴ്സ് , പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പർ ഹർജി നൽകിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ നിക്ഷേപകരുടെ നേതൃത്വത്തിൽ ഇന്ന് വകയാറിലെ ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും

Related Articles

Latest Articles