Wednesday, April 24, 2024
spot_img

ഇടത് മുന്നണിയിൽ സംഘർഷം; എം.എൽ.എ ഗണേഷ് കുമാറിനെതിരെ സമരപരിപാടിയുമായി സി.പി.ഐ

കൊല്ലം: കേരളത്തിലെ എല്ലാ പാർട്ടികളും വീണ്ടും നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. എന്നാൽ പതിവ് പോലെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടികളിൽ തന്നെ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. നിലവിൽ ഇടത് മുന്നണിയിൽ തമ്മിലടി രൂക്ഷമാകുന്നു. ഘടകകക്ഷി എം.എൽ.എ ആയ കെ.ബി.ഗണേഷ് കുമാറിനെതിരെ സമരപരിപാടി സംഘടിപ്പിച്ച് സി.പി.ഐ. പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനിലാണ് സി.പി.ഐ പരിപാടി സംഘടിപ്പിച്ചത്.

അതേസമയം എല്‍.ഡി.എഫ്. എം.എല്‍.എ.ആയ ഗണേഷിന്റെ പല നിലപാടുകളും വികസനകാര്യത്തില്‍ തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്കിടയില്‍ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും സി.പി.ഐ ആരോപിച്ചു. താലൂക്കാശുപത്രി യാഥാര്‍ഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, പത്തനാപുരം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കൂടാതെ താലൂക്കാശുപത്രി വിഷയത്തില്‍ എം.എല്‍.എ.യുടെ പിടിവാശിയാണ് കാര്യങ്ങള്‍ എങ്ങുമെത്താതിരിക്കാനുള്ള കാരണമെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു.

ചന്തയിലെയും വഴിയോരത്തെയും കച്ചവടക്കാരെ സംരക്ഷിക്കുന്നതാണ് നാടിന്റെ വികസനം. അല്ലാതെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതല്ല. നാട്ടുകാരുടെ മിക്ക കടകളും പൂട്ടേണ്ട സാഹചര്യമാണ്. പഞ്ചായത്തിന്റെ പണം കൊടുത്ത് കണ്‍സള്‍ട്ടന്‍സിയെ വെച്ച് വന്‍കിട മുതലാളിമാരെ ഷോപ്പിങ് മാളില്‍ കച്ചവടത്തിന് കൊണ്ടുവരുന്നത് നാടിന്റെ സാമ്പത്തികക്രമം തകർക്കുമെന്നും സമരസായാഹ്നം ഉദ്ഘാടനം ചെയ്ത സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.വേണുഗോപാല്‍ പറഞ്ഞു. പട്ടയം കിട്ടാതെ വലയുന്ന ആയിരങ്ങളുള്ള പത്തനാപുരം മേഖലയില്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ എം.എല്‍.എ.യ്ക്ക് കഴിഞ്ഞില്ലെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ജിയാസുദീന്‍ പറഞ്ഞു.

Related Articles

Latest Articles