Friday, March 29, 2024
spot_img

ജലീലിന് പുറമെ മറ്റൊരു മന്ത്രിക്ക് കൂടി പങ്ക്; മന്ത്രിയുമായുള്ള നിരന്തര ആശയ വിനിമയത്തിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒരു മന്ത്രിയിൽ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങൾ ആരായും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പരിശോധിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങൾ ലഭ്യമായതായാണ് ഇ.ഡിയിൽ നിന്നും ലഭിക്കുന്ന സൂചന.

ലൈഫ് പദ്ധതി കമ്മിഷൻ ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പർക്ക വിവരങ്ങളും സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നൽകിയ മൊഴികൾ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ അന്വേഷണസംഘത്തിന്റെ നിഗമനം.

എൻഐഎയും കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) മുൻപു നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓൺലൈൻ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോൾ കണ്ടെത്തിയത്.

മറ്റൊരു മന്ത്രിക്ക് കൂടി സ്വര്‍ണ്ണക്കടത്തുകേസില്‍ ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നാലെ ആണ് അന്വേഷണ സംഘം രണ്ടാം മന്ത്രിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത കൂടി ഇപ്പോൾ പുറത്ത് വരുന്നത്.

ജലീല്‍ മത്രമല്ല, മറ്റൊരു മന്ത്രികൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഒരു മന്ത്രിയുടെ പേര് കൂടി പുറത്തുവരാനുണ്ടെന്നും രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്നും ചെന്നിത്തല പറയുന്നു. മന്ത്രിയുടെ പേര് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
.

Related Articles

Latest Articles