Thursday, April 18, 2024
spot_img

”മലയാളത്തിന്റെ മനോരമ”, ‘ഹാസ്യത്തിന്‍റെ രാജകുമാരി’ വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷം

മലയാള സിനിമയുടെ ‘ഹാസ്യത്തിന്‍റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചിരുന്ന നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ നടി തനിക്ക് ആ വേഷങ്ങളേക്കാള്‍ താത്പര്യം സീരിയസ് വേഷങ്ങളോടാണെന്നായിരുന്നു താരം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. അതേസമയം ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ പല വേഷങ്ങളും പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയവയായിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ കൽപ്പനയോളം പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന ഒരു മലയാള നടി ഇപ്പോഴും സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. അത്രയും മികച്ച നടിയായിരുന്നു കല്‍പന.

നാടക പ്രവര്‍ത്തകരായ ചവറ വി.പി നായരുടെയും, വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കല്‍പ്പന സഹോദരിമാരായ ഉര്‍വ്വശിക്കും കലാരഞ്ജിനിക്കും പിറകെ സിനിമയിലെത്തുകയായിരുന്നു. ബാലതാരമായിട്ടായിരുന്നു തുടക്കം. ”അരവിന്ദന്റെ പോക്കുവെയില്‍” മലയാള ചലച്ചിത്ര രംഗത്ത് കല്‍പ്പനക്ക് മേല്‍വിലാസമുണ്ടാക്കി കൊടുത്തു. പിന്നീടിങ്ങോട്ട് മലയാളിയുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ഒരു പിടി വേഷങ്ങള്‍‍. ഹാസ്യരസ പ്രധാനമായ നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി. ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഇഷ്ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, ബാംഗ്ലൂര്‍ ഡെയ്സിലെ കുട്ടന്റെ അമ്മ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കല്‍പ്പന മലയാളിയെ കുടെകുടെ ചിരിപ്പിച്ചു. സീരിയസ് കഥാപാത്രങ്ങളും നല്ല ഒതുക്കത്തോടെ അഭിനയിക്കാനുളള കഴിവും കല്‍പനയ്ക്കുണ്ടായിരുന്നു.

അതേസമയം 1985ല്‍ ഭാഗ്യരാജിന്റെ ചിന്ന വീടിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച കല്‍പ്പന തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഹാസ്യനടിയില്‍ എന്ന നിലയില്‍ നിന്ന് സ്വഭാവ നടിയിലേക്ക് കൂടുമാറിയ കല്‍പ്പനക്ക് ”തനിച്ചല്ല ഞാന്‍” എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. കല്‍പ്പനയുടെ അവസാന മലയാള ചിത്രം ചാര്‍ലിയായിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അഭിനയ വഴക്കത്തില്‍ ”മലയാളത്തിന്റെ മനോരമ” എന്നറിയപ്പെട്ട കല്‍പ്പനയുടെ വിയോഗത്തോടെ നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയെയായിരുന്നു.

Related Articles

Latest Articles