Saturday, April 20, 2024
spot_img

പടിയിറങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ; ഒഴിഞ്ഞുപോകില്ലെന്ന് ഉടമകള്‍, മരടിൽ ഇനി തീക്കളി

കൊച്ചി: പുനരധിവാസം ഉറപ്പാക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങില്ലെന്ന് ഉടമകൾ . മതിയായ താമസസൗകര്യം ഉറപ്പാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം ഇറങ്ങാമെന്നാണ് ഉടമകളുടെ നിലപാട്. മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റുകളിലെത്തിയിരുന്നു. സാവകാശം നീട്ടിനല്‍കണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലകളില്‍നിന്ന് താഴെയിറക്കാന്‍ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും താമസക്കാര്‍ നഗരസഭ സെക്രട്ടറിയെ അറിയിച്ചു.

എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നും താത്കാലികമായി പുന:സ്ഥാപിച്ച വൈദ്യുതിബന്ധവും അന്നേദിവസം വിച്ഛേദിക്കുമെന്നും അധികൃതര്‍ ഉടമകളോട് വ്യക്തമാക്കി. ഒഴിഞ്ഞുപോകാനുള്ള സമയപരിധി 16-ാം തീയതി വരെ നീട്ടിയാല്‍ ഉപകാരപ്രദമാകുമെന്നായിരുന്നു താമസക്കാരുടെ പ്രതികരണം.

ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിൻ്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ ഐ.എ.എസ്. ഇന്ന് വൈകിട്ട് ഇവിടേക്ക് എത്തുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ഉടമകളുടെ തീരുമാനം . ഒഴിഞ്ഞുപോകുന്നവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ താത്കാലിക താമസസൗകര്യങ്ങളില്‍ തൃപ്തരല്ലെന്ന് ഉടമകൾ നേരെത്തെ പരാതി പറഞ്ഞിരുന്നു

Related Articles

Latest Articles