കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് തന്നെ; തോമസ് ചാണ്ടിയുടെ സഹോദരന് സാധ്യത

0

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് എന്‍.സി.പിക്ക് നല്‍കി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയെ എന്‍.സി.പിക്ക് തീരുമാനിക്കാം. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍.സി.പി സമ്മര്‍ദ്ദത്തിന് വഴങ്ങി സീറ്റ് ഏറ്റെടുക്കുന്നതില്‍ നിന്ന് സി.പി.എം പിന്‍മാറുകയായിരുന്നു. തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ഇവിടെ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് സൂചന. തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ കുടുംബം തന്നെ ആവശ്യപ്പെട്ടിരുന്നു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ത്ഥി ആകാന്‍ താല്‍പ്പര്യമില്ലെന്നും തോമസിനെ പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രിക്കും എന്‍.സി.പി നേതൃത്വത്തിനും സി.പി.എം സംസ്ഥാന നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.

തോമസ് ചാണ്ടി രോഗബാധിതനായപ്പോള്‍ മണ്ഡലത്തിന്റെ ചുമതല സഹോദരനെയാണ് ഏല്‍പ്പിച്ചിരുന്നത്. തന്റെ പിന്‍ഗാമിയായി സഹോദരണ്‍ വരണമെന്ന് തോമസ് ചാണ്ടി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ട്ടിയില്‍ സജീവമല്ലാത്ത തോമസ് കെ. തോമസിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ സജീവമായ നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.