Friday, March 29, 2024
spot_img

സുസ്വാഗതം മോഹൻ ജി ഭഗവത്; ആർഎസ്എസ് സർസംഘചാലക് ഇന്ന് കേരളത്തിൽ, കേസരി മാധ്യമ ഗവേഷണ കേന്ദ്രം നാടിന് സമർപ്പിക്കും

കോഴിക്കോട്: ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹൻ ജി ഭഗവത് ഇന്ന് കോഴിക്കോട് എത്തുന്നു. കോഴിക്കോട് പുതുതായി നിര്‍മ്മിച്ച കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് അദേഹം കേരളത്തില്‍ എത്തുന്നത്. രാവിലെ 8.45ന് വയലിന്‍ കച്ചേരിയോടെ ആരംഭിക്കുന്ന ചടങ്ങ് ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതത്തിനുശേഷം ഉദ്ഘാടനത്തിലേക്ക് കടക്കും. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍. ആര്‍.മധു ചടങ്ങില്‍ ആമുഖഭാഷണം നടത്തും.

സരസ്വതീപൂജയ്ക്കും വന്ദേമാതരത്തിനും ശേഷം ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ. പി.കെ. ശ്രീകുമാര്‍ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് സാഹിത്യകാരനും സ്വാഗതസംഘം അധ്യക്ഷനുമായ പി.ആര്‍.നാഥന്‍ അധ്യക്ഷഭാഷണം നടത്തും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍.എസ്.എസ്. മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക് ശിക്ഷണ പ്രമുഖ് ആര്‍.ഹരി എന്നിവരുടെ അനുഗ്രഹഭാഷണത്തിനുശേഷം മാതൃഭൂമി മുന്‍ എഡിറ്റര്‍ എം.കേശവമേനോന്‍ ആശംസാഭാഷണം നടത്തും.

തുടര്‍ന്ന് സമാദരണ ചടങ്ങിനുശേഷം കേസരി പബ്ലിക്കേഷനും കുരുക്ഷേത്ര ബുക്സും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് നടക്കും. കേസരിയ്ക്കു വേണ്ടി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ രചിച്ച ഗീതം സിനിമാ പിന്നണി ഗായകന്‍ കൈതപ്രം ദീപാങ്കുരന്‍ ചടങ്ങില്‍ ആലപിക്കും.

തുടര്‍ന്ന് സര്‍സംഘചാലക് ഡോ.മോഹൻ ജി ഭഗവത് ഉദ്ഘാടനഭാഷണം നടത്തും. പരിപാടിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, മിസോറാം ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, എം.എല്‍.എ ഒ.രാജഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പാസ് മുഖേനയാണ് അതിഥികളെ പ്രവേശിപ്പിക്കുക. അതേസമയം അദ്ദേഹം 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാ പരിപാടികളിലും പങ്കെടുക്കും. ഡിസംബര്‍ 31 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles