Wednesday, April 24, 2024
spot_img

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐയെ തിരിച്ചെടുത്ത സംഭവം; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കോട്ടയം: കെവിന്‍ കേസില്‍ ഗാന്ധി നഗര്‍ എസ്ഐ ആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കും. സസ്‌പെന്‍ഷനിലായിരുന്ന എസ്ഐ ഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു. എസ്ഐയെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതി നിഷേധമാണെന്ന് കെവിന്റെ പിതാവ് ഒരു സ്വകാര്യമാധ്യമത്തിനോട് പ്രതികരിച്ചു.

എസ്.ഐ കൃത്യ സമത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.

നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എഎസ്ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാഖ്റെയുടെ ഉത്തരവിറങ്ങിയത്.

സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ റേഞ്ച് ഐജി. ഉത്തരവിട്ടിരിക്കുന്നത്. ഷിബുവിന് ചുമതല നല്‍കുന്ന കാര്യത്തില്‍ എസ് പി. തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്ന് ഗാന്ധിനഗര്‍ എസ്.ഐ.യായിരുന്ന ഷിബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി.യുടെ ഉത്തരവെന്നാണ് സൂചന.

Related Articles

Latest Articles