Saturday, April 20, 2024
spot_img

സംസ്ഥാന സർക്കാരിനെ ചട്ടം പഠിപ്പിച്ച് കേന്ദ്രം; ബഡ്‌ജറ്റിൽ ഇനി കിഫ്‌ബി തള്ളുകൾ ഉണ്ടാവില്ല; കിഫ്‌ബി വിട്ടു പിടിക്കാൻ എം എൽ എ മാർക്ക് മന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മുന്നറിയിപ്പുകൾ അവഗണിച്ച് നിയമ വിരുദ്ധമായി മുന്നോട്ട് പോയ സംസ്ഥാന സർക്കാരിനെ ചട്ടം പഠിപ്പിച്ച് കേന്ദ്ര സർക്കാർ. വായ്‌പ്പാ പരിധി വെട്ടിക്കുറച്ചതോടെ പാഠം പഠിച്ച സർക്കാർ ഇനി കിഫ്‌ബി പദ്ധതികൾ ബഡ്‌ജറ്റിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന് എം എൽ എ മാർക്ക് കത്ത് നൽകി ധനമന്ത്രി. കിഫ്ബി എടുത്ത വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഓരോ സംസ്ഥാനങ്ങൾക്കും കടമെടുക്കാൻ പരിധിയുണ്ടെന്നിരിക്കെ അത് മറികടക്കാൻ കേരളം കണ്ടെത്തിയ കുറുക്ക് വഴിയായിരുന്നു കിഫ്‌ബി. എന്നാൽ ഉദ്ദേശിച്ച നിലയിൽ പണം സ്വരൂപിക്കാനോ വികസന പദ്ധതികൾ പൂർത്തിയാക്കാനോ കിഫബിക്ക് കഴിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ബഡ്‌ജറ്റിന് പുറത്ത് കടമെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് എ ജി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സർക്കാരിനെയാണ് കേന്ദ്രം വായ്‌പ്പാ പരിധി വെട്ടിക്കുറച്ച് മുറുക്കുകയറിട്ടത്.

2021–22ൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി കടമെടുത്ത 12,562 കോടി രൂപയാണ് സർക്കാരിന്റെ കടമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാരിനു കടമെടുക്കാവുന്ന തുകയിൽ നിന്ന് 12,562 കോടി കുറവു ചെയ്യും. ഇൗ വർഷം മുതൽ 3,140 കോടി രൂപ വീതം 4 വർഷം കൊണ്ടാണ് കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുക. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കടമെടുപ്പിനെ ആശ്രയിക്കുന്ന സർക്കാരിന് ഇത് വലിയ തിരിച്ചടിയായി.

5 വർഷം കണ്ട് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുകയായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ വർഷം രൂപംകൊണ്ട കിഫ്ബിയുടെ ലക്ഷ്യം. എന്നാൽ ഇതുവരെ കിഫ്ബി പൊതുവിപണിയിൽ നിന്ന് സമാഹരിച്ചത് 19,220 കോടി രൂപ മാത്രമാണ് പൊതു വിപണിയിൽ നിന്നു വായ്പയെടുത്തും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കിയുമാണ് ഈ തുക സമാഹരിച്ചത്. ഇതിനു പുറമേ മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ പെട്രോൾ / ഡീസലിന് ഒരു രൂപ വീതവും സർക്കാർ പിരിച്ചെടുത്തു നൽകി. ഇൗയിനത്തിൽ കിട്ടിയത് 14,919 കോടി രൂപ. കിഫ്ബി നടപ്പാക്കിയ ചില പദ്ധതികളിൽ നിന്ന് 762 കോടി വരുമാനം ലഭിച്ചു. കിട്ടിയ പണത്തിൽ 22,192 കോടി രൂപ മാത്രമാണ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. 687 കോടി രൂപ വായ്പകൾ തിരിച്ചടയ്ക്കാൻ‌ വിനിയോഗിച്ചു. ഏഴു വർഷമായിട്ടും ലക്ഷ്യമിട്ടതിന്റെ 50 % പോലും ലക്‌ഷ്യം കൈവരിക്കാൻ കഴിയാത്ത കിഫ്ബിയെ ധനമന്ത്രി ബാലഗോപാൽ ബഡ്‌ജറ്റിൽ നിന്ന് പടിയിറക്കുകയാണ്. ഒന്നും പറയാനില്ലാത്ത ബഡ്‌ജറ്റിൽ കിഫ്‌ബി പദ്ധതികൾ എടുത്തുകാട്ടിയാണ് മുൻ ധനമന്ത്രി തോമസ് ഐസക് പിടിച്ചു നിന്നത്. എന്നാൽ കെ എൻ ബാലഗോപാൽ എന്ന ഇപ്പോഴത്തെ ധനമന്ത്രിക്ക് കിഫ്ബിയോട് വലിയ താല്പര്യമില്ല. കേന്ദ്രം പിടി മുറുക്കിയ സ്ഥിതിക്ക് കിഫ്ബിയെ മെല്ലെ തഴയാനാണ് പിണറായി സർക്കാരിന്റെ പദ്ധതിയെന്നാണ് സൂചന.

Related Articles

Latest Articles