കൊച്ചി: നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരം. വെടിവയ്പിനുശേഷം പ്രതികള്‍ മുംബൈയിലേക്കു ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിനു തെളിവ് ലഭിച്ചെന്നാണ് സൂചന. കേസില്‍ പ്രതികളുടെ ഫോണ്‍ വിളികളുടെ പരിശോധന തുടരുകയാണെന്നും സംശയം തോന്നുന്ന നമ്പറുകള്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം അറിയിച്ചു.

പനമ്പള്ളിനഗറില്‍ നടി ലീന മരിയ പോളിന്‍റെ നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറിനു നേരെ കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികള്‍ രക്ഷപ്പെട്ടത്.

അതേസമയം രവി പൂജാരി പിടിയിലായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതിന്‍റെ സ്ഥിരീകരണത്തിനായി അന്വേഷണസംഘം ഇന്‍റര്‍പോളിനു നല്‍കിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. അറസ്റ്റു സ്ഥിരീകരിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചാല്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആവശ്യപ്പെടാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.